പൊഴി മുറിക്കാത്തത് കാരണമാണ് നഗരം വെള്ളത്തിലായത്: മേയർ

Tuesday 30 September 2025 4:10 AM IST

തിരുവനന്തപുരം: കരാറുകാരൻ സമയബന്ധിതമായി പൊഴി മുറിക്കാത്തതുകൊണ്ടാണ് നഗരത്തിൽ വെള്ളക്കെട്ട് പോലുള്ള പ്രയാസം നേരിട്ടതെന്നും കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെന്നും മേയർ കൗൺസിലിൽ അറിയിച്ചു. പൊഴി മുറിക്കാൻ നിർദ്ദേശം നൽകിയാൽ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് അതുചെയ്യണം. എന്നാൽ 24 മണിക്കൂറിനു ശേഷമാണ് കരാറുകാരൻ പൊഴിമുറിച്ചത്. കരാറുകാരന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയുടെ പഴി നഗരസഭയാണ് കേൾക്കുന്നതെന്നും മേയർ പറഞ്ഞു. മഴ പെയ്തതുകൊണ്ട് മാലിന്യങ്ങൾ ഒഴുകി ഓടയിലെത്തിയിട്ടുണ്ടോ എന്നതും ഇനി പരിശോധിക്കണം. ഈ മാലിന്യം നീക്കാൻ പ്രത്യേക ജോലികൾ കൂടി ഏറ്റെടുക്കുമെന്നും മേയർ വ്യക്തമാക്കി. മഴ തുടങ്ങിയ ആദ്യദിനം രാത്രിയിൽ തന്നെ ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിച്ചു. തൊട്ടടുത്ത ദിവസം ശക്തമായ മഴയായിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തു. മറ്റു വകുപ്പുകൾ ചെയ്യേണ്ട ജോലികൾ പോലും നഗരസഭയാണ് ചെയ്യുന്നതെന്ന് യോഗത്തിൽ അറിയിച്ചു. അനധികൃത അവധിയിലുള്ള നഗരസഭ പാളയം ഹെൽത്ത് സർക്കിളിലെ സാനിട്ടേഷൻ വർക്കറായ പ്രദീപ് ബി.എസിനെതിരെ ചട്ടപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിക്കാനും തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകാനും കൗൺസിൽ തീരുമാനിച്ചു.

തിരുമല അനിലിനെ

അനുസ്‌മരിച്ചു

കഴിഞ്ഞ കൗൺസിലിൽ വരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന തിരുമല അനിലിന്റെ വിയോഗം നികത്താനാകാത്തതാണെന്ന്‌ മേയർ ആര്യാരാജേന്ദ്രൻ. തിരുമല അനിലിന്‌ ആദരമർപ്പിച്ച്‌ സംസാരിക്കുകയായിരുന്നു മേയർ. ഏതുവിഷയവും പഠിച്ച്‌ കൗൺസിലിൽ അവതരിപ്പിക്കുന്ന അനിൽ കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ സൗഹൃദങ്ങൾക്ക് ഉടമയായിരുന്നുവെന്ന്‌ കൗൺസിലർമാർ അനുസ്‌മരിച്ചു.