കിഴക്കേകോട്ടയിലെ പരിഷ്കാരം: സംഘർഷം, അറസ്റ്റ്
തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി നടപ്പിലാക്കിയ പരിഷ്കാരം പ്രയോഗികമല്ലെന്ന് സ്വകാര്യ ബസുകാരും,തങ്ങളുടെ സ്റ്റാൻഡിലേക്ക് സ്വകാര്യ ബസുകളെ കയറ്റില്ലെന്ന് കെ.എസ്.ആർ.ടി.സിയും നിലപാടെടുത്തതോടെ ഇന്നലെ കിഴക്കേകോട്ടയിൽ നേരിയ സംഘർഷം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം രൂക്ഷമായപ്പോൾ പൊലീസെത്തി സ്വകാര്യബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു നീക്കി.ഇതോടെ സ്വകാര്യ ബസുകൾ ഇന്നലെ മുഴുവൻ സർവീസുകളും റദ്ദാക്കി. കിഴക്കേകോട്ടയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനും സംവിധാനമൊരുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിഷ്‌കാരം നടപ്പിലാക്കിയത്.
ജില്ലാകളക്ടർ,സിറ്റി പൊലീസ് കമ്മീഷണർ,ട്രാൻസ്‌പോർട്ട് കമ്മീഷണർ,ആർ.ടി.ഒ എന്നിവർ യോഗം ചേർന്നാണ് പരിഷ്‌കാര പദ്ധതി തയാറാക്കിയത്. അതനുസരിച്ച് വെട്ടിമുറിച്ച കോട്ടയ്ക്ക് മുന്നിൽ നിന്ന് സർവീസ് ആരംഭിക്കാൻ സ്വകാര്യ ബസുകൾക്ക് നിർദേശം നൽകി.ഇവിടെ 3 മിനിറ്റ് പാർക്ക് ചെയ്ത് ആളെ കയറ്റിയ ശേഷം പോകണമെന്നായിരുന്നു നിർദേശം. കിഴക്കേകോട്ടയിൽ രണ്ട് ബസ് ബേകളാണ് ഉണ്ടായിരുന്നത്. സ്വകാര്യ ബസുകളെ വെട്ടിമുറിച്ച കോട്ടയ്ക്ക് മുന്നിലേക്ക് മാറ്റിതോടെ രണ്ട് ബേകളും കെ.എസ്.ആർ.ടി.സി ബസുകൾക്കായി. പരിഷ്‌കാരം നടപ്പാക്കുന്നതിന് മുന്നോടിയായി കിഴക്കേകോട്ടയിൽ കഴിഞ്ഞ ദിവസം ബാരിക്കേഡ് സ്ഥാപിച്ചതോടെ പ്രതിഷേധം കനത്തിരുന്നു. ഈ നടപടിയെ സ്വകാര്യബസ് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. രാവിലെ എട്ടരയോടെ ഒരു സ്വകാര്യ ബസ്,കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചിട്ടുള്ള ബസ് ബേയിലേക്ക് അനധികൃതമായി പ്രവേശിച്ചു. കെ.എസ്.ആർ.ടി.സി അധികൃതരുടെ പരാതിയിൽ ഫോർട്ട് പൊലീസ് ഈ ബസ് കസ്റ്റഡിയിലെടുത്തു. അതോടെ മറ്റു സർവീസുകൾ നിറുത്തിവച്ച് സ്വകാര്യ ബസ് ജീവനക്കാർ സംഘടിച്ചു. കിഴക്കേകോട്ടയിൽ ബസുകൾ നിറുത്തിയാളെ കയറ്റുന്നതിനുള്ള സംവിധാനം തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി അധികൃതർ ഇതു നിഷേധിച്ചതോടെ വാക്കേറ്റമായി. കൈയാങ്കളിയുടെ വക്കോളമെത്തിപ്പോഴാണ് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.