ജമ്മു കാശ്‌മീരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു

Tuesday 30 September 2025 6:58 AM IST

ശ്രീനഗർ: ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയിലെ സുരാൻകോട്ടെയിൽ 16 രാഷ്ട്രീയ റൈഫിൾസിന്റെ ആസ്ഥാന കേന്ദ്രത്തിൽ ഇന്നലെ രാത്രി 7.45നാണ് സംഭവം. ശിപായി ഭവേഷ് ചൗധരി ആണ് വീരമൃത്യു വരിച്ചത്. അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.

സുരാൻകോട്ടെയിൽ സുരക്ഷാഡ്യൂട്ടിയിലായിരുന്ന ജവാനാണ് മരിച്ചത്. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ പിഴവാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് റിപ്പോ‌ർട്ട്. അപകടത്തിന് പിന്നാലെ സൈനികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈനികന്റെ മരണം സ്ഥിരീകരിച്ച അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തിൽ തീവ്രവാദികളുടെ ഇടപെടൽ സാദ്ധ്യത സൈന്യം തള്ളി.

അപകടത്തിന് പിന്നാലെ മേഖലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. ഫോറൻസിക് വിദഗ്ധരെത്തി സ്ഥലം പരിശോധിച്ചു. ജമ്മു കാശ്മീർ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.

അതിനിടെ, ഗ്രനേഡുകളും മറ്റ് സ്ഫോടകവസ്തുക്കളും കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുകയാണ്. സംഭവം ഗൗരവമായി കാണുന്നുവെന്നും സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി.