ശർമ്മ ഒലിക്ക് യാത്രാവിലക്ക്
Tuesday 30 September 2025 7:32 AM IST
കാഠ്മണ്ഡു: നേപ്പാളിൽ മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിക്കും മുൻ ആഭ്യന്തര മന്ത്രി അടക്കം നാല് മുതിർന്ന ഉദ്യോഗസ്ഥർക്കും യാത്രാവിലക്ക് ഏർപ്പെടുത്തി ഇടക്കാല സർക്കാർ. 73 പേരുടെ മരണത്തിനിടയാക്കിയ യുവജന (ജെൻ-സി) പ്രക്ഷോഭത്തെ പറ്റി അന്വേഷണം ആരംഭിച്ചതിനാലാണിത്. ഒലി അടക്കമുള്ള അഞ്ച് പേരും അനുവാദമില്ലാതെ കാഠ്മണ്ഡു വിട്ടുപോകാൻ പാടില്ലെന്നും എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് എത്തണമെന്നും അന്വേഷണ കമ്മിഷൻ നിർദ്ദേശിച്ചു. അതേസമയം, നിയന്ത്രണങ്ങൾ തന്റെ സുരക്ഷയും അവകാശങ്ങളും നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ഒലി ആരോപിച്ചു.