'യുവജന വിപ്ലവം മാത്രമാണ് ഏകവഴി'; നേപ്പാൾ മോഡൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ടിവികെ ജനറൽ സെക്രട്ടറി

Tuesday 30 September 2025 8:28 AM IST

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ നേപ്പാൾ മോഡൽ യുവ വിപ്ളവത്തിന് ആഹ്വാനം ചെയ്ത് ടിവികെ ഇലക്ഷൻ ക്യാമ്പെയിൻ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ആദവ് അർജുന. സമൂഹമാദ്ധ്യമത്തിലാണ് പൊലീസിനെ വിമർശിച്ചുകൊണ്ട് വിപ്ളവത്തിന് ആഹ്വാനം ചെയ്തത്. കലാപാഹ്വാനം വലിയ വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെ അർജുനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയരുകയാണ്.

'റോഡിലൂടെ നടന്നാൽ തല്ലും. സോഷ്യൽ മീഡിയയിൽ കമന്റ് പോസ്റ്റ് ചെയ്താൽ അറസ്റ്റ് ചെയ്യും. പൊലീസ് ഇത്തരത്തിൽ ഭരണവർഗത്തിന്റെ സേവകരായി മാറിയിട്ടുണ്ടെങ്കിൽ, അത് പുനഃസ്ഥാപിക്കാനുള്ള ഏകമാർഗം യുവജന വിപ്ലവമാണ്. അധികാരികൾക്കെതിരെ വിപ്ലവം സൃഷ്ടിക്കാൻ യുവാക്കളും ജെൻ ഇസെഡും ഒന്നിച്ചതുപോലെ, ഇവിടെയും യുവാക്കൾ ഉയർന്നുവരും. അത് ഭരണമാറ്റത്തിനും ഭരണകൂട ഭീകരതയുടെ അവസാനത്തിനും അടിത്തറയാകും'- എന്നാണ് അർജുൻ എക്‌സിൽ കുറിച്ചത്. എന്നാൽ പ്രതിഷേധം ഉയർന്നതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പിന്നാലെ ഡിഎംകെ പ്രവർത്തകർ അടക്കം ആദവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.

41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ ടിവികെ ക​രൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​മ​തി​യ​ഴ​ക​ൻ​ ഇന്നലെ അറസ്റ്റിലായിരുന്നു. പാർട്ടി സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബു​സി​ ​ആ​ന​ന്ദ്,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സി.​ടി​ ​നി​ർ​മ​ൽ​ ​കു​മാ​ർ​ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ടിവികെ നേതാവും കരൂർ സ്വദേശിയായ പൗൻ രാജിനെ കസ്റ്റഡിയിലെടുത്തതായുള്ള റിപ്പോർട്ടുകളും പുറത്തുവരികയാണ്. ടിവികെയുടെ പരിപാടിക്ക് അനുമതി തേടിയ അപേക്ഷയിൽ ഒപ്പിട്ടത് പൗൻ രാജ് ആണ്.