സമ്പൂർണ ബ്ളാക്ക്‌ഔട്ട്, അഫ്‌ഗാനിൽ ഇന്റർനെറ്റ് നിരോധിച്ച് താലിബാൻ; അധാർമികമെന്ന് വിശദീകരണം
കാബൂൾ: അഫ്‌ഗാനിൽ ഇന്റർനെറ്റ് സേവനത്തിന് നിരോധനമേർപ്പെടുത്തി താലിബാൻ. അധാർമികമായ കാര്യങ്ങൾ തടയാനാണ് നിരോധനമെന്നാണ് വിശദീകരണം. ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാനുള്ള നടപടികൾ രണ്ടാഴ്ചയായി താലിബാൻ സ്വീകരിച്ചു വരികയായിരുന്നു. ഇന്റർനെറ്റ് നിരോധിച്ചതോടെ അഫ്‌ഗാനിലെ വിമാനസർവീസുകൾ താറുമാറായിരിക്കുകയാണ്.
അഫ്‌ഗാനിസ്ഥാൻ പൂർണമായും കണക്‌ടിവിറ്റി ബ്ളാക്ക്‌ഔട്ടിൽ ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ളോക്‌സ് റിപ്പോർട്ട് ചെയ്തു. മൊബൈൽ ഇന്റർനെറ്റിന് പുറമെ സാറ്റ്‌ലൈറ്റ് ടിവിയും ബാങ്കിംഗ് സേവനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റിന് വേഗത കുറയുന്നതായി ആഴ്‌ചകളായി പരാതിയുയർന്നതിന് പിന്നാലെയാണ് നിരോധനം. പത്തോളം പ്രവിശ്യകളിൽ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റും താലിബാൻ നിരോധിച്ചിരുന്നു. രാജ്യത്ത് ഇന്റർനെറ്റിന് ബദൽ സംവിധാനം താലിബാൻ ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ അഫ്ഗാനിസ്ഥാനിലെ സർവകലാശാലാ പാഠ്യ പദ്ധതിയിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ താലിബാൻ ഭരണകൂടം നിരോധിച്ചത് ഏറെ ചർച്ചയായിരുന്നു. മനുഷ്യാവകാശങ്ങളും ലൈംഗിക അതിക്രമങ്ങളും വിലക്കുകയും ചെയ്തു. താലിബാൻ നയങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി 680 പുസ്തകങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഇതിൽ ശാസ്ത്ര സംബന്ധമായത് അടക്കം 140 എണ്ണം സ്ത്രീകൾ രചിച്ചതാണ്. മതനിയമങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി 18 വിഷയങ്ങളും സർക്കാർ നിരോധിച്ചു. 2021ൽ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ നിരോധനം അടക്കം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് താലിബാനിൽ നിന്ന് രാജ്യത്തെ സ്ത്രീകൾ നേരിടുന്നത്.