കൊടുംക്രിമിനലിന്റെ ജന്മദിനാഘോഷത്തിൽ ബാർ ഗേൾസിനൊപ്പം മദ്യക്കുപ്പികളുമായി നൃത്തം ചെയ്ത് പൊലീസുകാർ, നടപടി
ഗാസിയാബാദ്: ബാർ ഗേൾസിനൊപ്പം മദ്യപിച്ച് നൃത്തം ചെയ്ത നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സീമാപുരി ഔട്ട്‌പോസ്റ്റിന് കീഴിലുള്ള സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഔട്ട്‌പോസ്റ്റ് ഇൻചാർജ് ആശിഷ് ജാദൗൺ, കോൺസ്റ്റബിൾമാരായ അമിത്, യോഗേഷ്, ഗ്യാനേന്ദ്ര എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
ഒരു കൊടും ക്രിമിനലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി'റോസ് ബാറിൽ' ആണ് ആഘോഷം നടന്നത്. അർദ്ധരാത്രി മുതൽ പുലർച്ചെ 2:30 വരെയായിരുന്നു പാർട്ടി നടന്നത്. ഇതിൽ പൊലീസുകാരും പങ്കെടുത്തു. ഇതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പൊലീസുകാർ ബിയർ കുപ്പികളുമായി ബാർ ഗേൾസിനൊപ്പം ഡാൻസ് കളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. മദ്യക്കുപ്പികൾക്കൊപ്പം സംഗീതം, ആഘോഷം എന്നിവയുടെ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
വീഡിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും പെട്ടു.കേസിൽ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്. ഇതിനുപിന്നാലെയാണ് സീനിയർ പൊലീസ് ഓഫീസർ (ട്രാൻസ്ഹിൻഡൺ ഏരിയ) നിമിഷ് പാട്ടീൽ നാല് പൊലീസുകാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്.