ബോർഡിംഗ് സ്‌കൂൾ തകർന്ന് അപകടം; നിരവധി വിദ്യാർത്ഥികൾ മരിച്ചു, കുടുങ്ങിക്കിടക്കുന്ന 65പേരെ പുറത്തെടുക്കാനാകുന്നില്ല

Tuesday 30 September 2025 11:05 AM IST

സിഡോർജോ: ഇന്തോനേഷ്യയിൽ ബോർഡിംഗ് സ്‌കൂൾ കെട്ടിടം തകർന്ന് വിദ്യാർത്ഥികൾ മരിച്ചു. തിങ്കളാഴ്‌ച അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ 65 വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കായി രക്ഷാപ്രവർത്തകർ ഓക്‌സിജനും വെള്ളവും എത്തിച്ചു. ഒരു വിദ്യാർത്ഥിയുടെ മൃതദേഹം മാത്രമാണ് പുറത്തെടുക്കാനായത്.

കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്‌കൂൾ കെട്ടിടമാണ് തകർന്നുവീണത്. 12 മണിക്കൂർ കഴിഞ്ഞാണ് രക്ഷാപ്രവർത്തകരും പൊലീസും സൈന്യവും സ്ഥലത്തെത്തിയത്. പരിക്കേറ്റ എട്ടുപേരെ പുറത്തെടുത്തു. മരണസംഖ്യ ഇനിയും കൂടുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. വാർത്തയറിഞ്ഞ് തകർന്ന കെട്ടിടത്തിനും സമീപവും ആശുപത്രിയിലുമായി കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും തടിച്ചുകൂടിയിട്ടുണ്ട്. ഏഴ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള ആൺകുട്ടികളാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.

ഭാരമേറിയ കോൺക്രീറ്റ് സ്ലാബുകളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശക്തിയേറിയ ഉപകരണങ്ങൾ ഉപയോഗിച്ചാൽ അത് കെട്ടിടം വീണ്ടും തകർന്ന് അവശിഷ്‌ടങ്ങൾ കുട്ടികൾക്ക് മുകളിലേക്ക് വീഴാൻ കാരണമാകുമെന്നും അവർ പറഞ്ഞു. അവശിഷ്‌ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ കണ്ടു. ജീവനോടെയുള്ളവരിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. അനധികൃതമായി കെട്ടിടം വലുതാക്കാൻ മുകളിൽ നിലകൾ പണിതതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ജൂൾസ് എബ്രഹാം അബാസ്റ്റ് പറഞ്ഞു. കെട്ടിടത്തിന്റെ അടിത്തറയ്‌ക്ക് വളരെ പഴക്കമുള്ളതിനാൽ പൊളിഞ്ഞ് വീഴുകയായിരുന്നു.

രക്ഷപ്പെടുത്തിയ കുട്ടികളിൽ ചിലരുടെ നില ഗുരുതരമാണ്. പലർക്കും തലയ്ക്ക് വലിയ പരിക്കുകളുണ്ട്. ചിലരുടെ എല്ലുകൾ ഒടിഞ്ഞു. 13 വയസുള്ള ആൺകുട്ടിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. പെൺകുട്ടികളെല്ലാം കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തെ പ്രാർത്ഥനാ മുറിയിലായതിനാൽ അവരെല്ലാം രക്ഷപ്പെട്ടു.