പത്താം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി; ശമ്പളം 65,000 വരെ, ഒക്‌ടോബർ ഏഴിന് മുമ്പ് അപേക്ഷിക്കൂ

Tuesday 30 September 2025 2:24 PM IST

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. കൊച്ചിയിലാണ് നിയമനം. ഏതൊക്കെ തസ്‌തികകളിലാണ് ഒഴിവുള്ളതെന്നും യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം എന്നീ കാര്യങ്ങൾ അറിയാം.

ഒഴിവുകൾ

മെഡിക്കൽ ഓഫീസർ, പ്ലാന്റ് എഞ്ചിനീയർ, സയന്റിഫിക് ഓഫീസർ, ഫയർ ആന്റ് സേഫ്‌റ്റി ഓഫീസർ, ഇലക്‌ട്രീക്കൽ എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ, ഇൻസ്‌ട്രുമെന്റ് എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ ജൂനിയർ ടെക്‌നീഷ്യൻ (ഇലക്‌ട്രിക്കൽ), ജൂനിയർ ടെക്‌നീഷ്യൻ (മെക്കാനിക്കൽ), ജൂനിയർ ടെക്‌നീഷ്യൻ (ഇൻസ്‌ട്രുമെന്റേഷൻ), ജൂനിയർ ടെക്‌നീഷ്യൻ (യൂട്ടിലിറ്റീസ്), ജൂനിയർ അസിസ്റ്റന്റ് ടെക്‌നീഷ്യൻ (യൂട്ടിലിറ്റീസ്),ജൂനിയർ റിഗർ എന്നീ തസ്‌തികകളിലേക്കാണ് ഒഴിവുള്ളത്.

യോഗ്യത

മെഡിക്കൽ ഓഫീസർ തസ്‌തികയിലേക്ക് എംബിബിഎസ് ഡിഗ്രിയും ഒക്യുപേഷണൽ ഹെൽത്ത് ആന്റ് ഇൻഡസ്‌ട്രിയൽ ഹൈജീനിലോ എഎഫ്ഐഎച്ചിലോ ഡിപ്ലോമയും ആവശ്യമാണ്. ഈ യോഗ്യതയുള്ളവരെ ലഭിച്ചില്ലെങ്കിൽ എംബിബിഎസ് മാത്രമുള്ളവരെയും പരിഗണിക്കും. ഈ തസ്‌തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്ലാന്റ് എഞ്ചിനീയർ തസ്‌തികയിലേക്ക് കെമിക്കൽ ഇല്ലെങ്കിൽ പെട്രോകെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം വേണം. സയന്റിഫിക് ഓഫീസർക്ക് എംഎസ്‌സി കെമിസ്‌ട്രി ആണ് യോഗ്യത. ഫയർ ആന്റ് സേഫ്‌റ്റി ഓഫീസർക്ക് ഫയർ എഞ്ചിനീയറിംഗിലോ സേഫ്റ്റി ആന്റ് ഫയർ എഞ്ചിനീയറിംഗിലോ ബിരുദം ആവശ്യമാണ്. ഇലക്‌ട്രീക്കൽ എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ, ഇൻസ്‌ട്രുമെന്റ് എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ എന്നീ തസ്‌തികകിളേക്ക് അതത് വിഷയങ്ങളിൽ എഞ്ചിനീയറിംഗ് ബിരുദം ആവശ്യമാണ്. ഈ തസ്‌തികകൾക്കെല്ലാം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ജൂനിയർ തസ്‌തികകളിൽ അതത് വിഷയങ്ങളിൽ ഡിപ്ലോമ ആവശ്യമാണ്. ജൂനിയർ അസിസ്റ്റന്റ് ടെക്‌നീഷ്യൻ (യൂട്ടിലിറ്റീസ്) തസ്‌തികയിലേക്ക് ഐടിഐ (ഫിറ്റർ)ഉം ഒന്നാം അല്ലെങ്കിൽ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റും വേണം. ജൂനിയർ റിഗർ തസ്‌തികയിലേക്ക് പത്താം ക്ലാസാണ് യോഗ്യത.

ശമ്പളം

എഴുത്ത് പരീക്ഷ, സ്‌കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. മെഡിക്കൽ ഓഫീസർക്ക് പ്രതിമാസം 65,000 രൂപയാണ് ശമ്പളം. എംബിബിഎസ് മാത്രമുള്ളവർക്ക് പ്രവൃത്തിപരിചയം അനുസരിച്ച് 50,000 മുതൽ 60,000 രൂപ വരെ ലഭിക്കും. എഞ്ചിനീയർ തസ്‌തികകളിൽ 35,000 - 40,000 രൂപയാണ് ശമ്പളം. ജൂനിയർ തസ്‌തികകളിൽ 22,000 മുതൽ 28,000 രൂപ വരെ ലഭിക്കും.

ഒക്‌ടോബർ ഏഴ് ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് hoclindia യുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.