ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് 38 മിനിറ്റ്, വിജയ്‌യുടെ യാത്ര സ്വകാര്യ ജെറ്റിൽ, ഒരു ദിവസത്തെ വാടക ഞെട്ടിക്കും
രാഷ്ട്രീയ ജീവിതത്തിൽ സജീവമാകുന്ന തിരക്കിലാണ് നടൻ വിജയ്. എന്നാൽ തമിഴ്നാട് പിടിച്ചെടുക്കാനായി ദിഗ്വിജയത്തിനു പുറപ്പെട്ട വിജയ്‌യുടെ കണക്കുകൂട്ടൽ കരൂരിൽ തെറ്റിയിരിക്കുകയാണ്. 41 പേരുടെ ഉയിരാണ് ഒരു റാലിയിൽ നഷ്ടപ്പെട്ടത്. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിനുശേഷം ടി.വി.കെയ്ക്കു നേരെയോ വിജയ് യുടെ നേരെയോ സംഘടിതമായ രാഷ്ട്രീയ ആക്രമണം ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷമാണ് വിജയ് പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. അന്ന് മുതൽ താരത്തിന്റെ തിരക്ക് നാൾക്കുനാൾ വർദ്ധിക്കുകയാണ്.
ഈ തിരക്ക് സമയത്തും അദ്ദേഹം വിവിധ സ്ഥലങ്ങളിലേക്ക് കൃത്യസമയത്ത് എത്തുന്നത് ഒരു പ്രൈവറ്റ് ജെറ്റിനെ ആശ്രയിച്ചുകൊണ്ടുമാത്രമാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിജയ് തിരുച്ചിയിലും അരിയല്ലൂരിലും പ്രചാരണം നടത്തി. രണ്ടാം ആഴ്ചയിൽ തിരുവാരൂരിലും നാഗപട്ടണത്തും പ്രചാരണം നടത്തി. ശേഷമാണ് നാമക്കലിലും കരൂരിലും എത്തിയത്.
നേരത്തെ കൊടൈക്കനാലിൽ ഷൂട്ടിന് വേണ്ടി വിജയ് ഈ പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്തിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി അന്ന് ചെന്നൈയിൽ നിന്ന് മധുരയിലേക്കായിരുന്നു യാത്ര. ഇപ്പോഴിതാ ഈ പ്രൈവറ്റ് ജെറ്റിനെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ആദ്യ ആഴ്ചയിൽ തിരുച്ചിയിലേക്ക് പോകാൻ കാപ്പിയും വെള്ളയും നിറങ്ങളിലുള്ള സ്വകാര്യ വിമാനത്തിലും, തിരുവാരൂരിലേക്കും നാമക്കലിലേക്കും പോകുമ്പോൾ നീലയും വെള്ളയും നിറങ്ങളിലുള്ള വിമാനത്തിലുമാണ് വിജയ് യാത്ര ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയായി, വിജയ് VT-PCR Gulfstream G200 എന്ന സ്വകാര്യ വിമാനത്തിലാണ് യാത്ര ചെയ്യുന്നത്. ഈ വിമാനത്തിന് ഏകദേശം എട്ട് കോടിരൂപ വിലയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വിമാനം ഒരു ദിവസം വാടകയ്‌ക്കെടുക്കുന്ന തുക എല്ലാവരെയും ഞെട്ടിക്കും.
പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം, ഈ സ്വകാര്യ ജെറ്റിന് ഒരു ദിവസം 14 ലക്ഷം രൂപയാണ് വിജയ് വാടകയായി നൽകുന്നത്. ഇതിന്റെ ഉടമസ്ഥൻ ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് വിമാനം. വിജയ്‌യുടെ പ്രചാരണത്തിനും മുമ്പ് ഈ വിമാനം ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പറന്നതായി ഫ്‌ളൈറ്റ് അവയർ വെബ്‌സൈറ്റ് വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ചെന്നൈയിൽ നിന്നും തിരുച്ചിയിൽ എത്താൻ ഈ വിമാനത്തിന് 38 മിനിറ്റ് മാത്രം മതിയാകും.
ഗൾഫ്സ്ട്രീം ജി 200 ഇരട്ട എഞ്ചിനിൽ പ്രവർത്തിക്കുന്ന ബിസിനസ് ജെറ്റാണ് ഗൾഫ്സ്ട്രീം ജി200. ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ഐഎഐ) ആണ് ഇത് ആദ്യം രൂപകൽപ്പന ചെയ്തത്. എട്ട് മുതൽ 18 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾ വരെ ഈ ശ്രേണിയിൽ ലഭ്യമാണ്. 18.97 മീറ്ററാണ് ഈ വിമാനത്തിന്റെ നീളം. മുമ്പ് ഐഎഐ ഗാലക്സി എന്ന പേരിലായിരുന്നു ഈ വിമാനം അറിയപ്പെട്ടിരുന്നത്. 1997 ഡിസംബർ 25നാണ് ഗാലക്സി ആദ്യമായി പറന്നത്. 1998 ഡിസംബറോടെ യുഎസ്, ഇസ്രയേലി വ്യോമയാന ഏജൻസികളിൽ നിന്ന് ഇതിന് സർട്ടിഫിക്കേഷൻ ലഭിച്ചു. അടുത്ത വർഷം ഡെലിവറികൾ ആരംഭിച്ചു. 2001 ജൂണിൽ ഗൾഫ്സ്ട്രീം എയ്‌റോസ്‌പേസ് ഗാലക്സി എയ്‌റോസ്‌പേസ് ഏറ്റെടുത്തതിനുശേഷം ഗാലക്സിയുടെ പേര് ജി200 എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.