നിങ്ങളുടെ സ്വഭാവത്തിൽ ഈ പ്രത്യേകതകളുണ്ടോ? പുതിയ തരം വ്യക്തിത്വം കണ്ടെത്തി മനഃശാസ്‌ത്രജ്ഞർ
സമൂഹത്തിൽ പല തരം സ്വഭാവങ്ങളുള്ള മനുഷ്യരുണ്ട്. അതിൽ തന്നെ അന്തർമുഖൻ (introvert), ബഹിർമുഖൻ ( extrovert), ഇത് രണ്ടും ചേർന്ന സ്വഭാവം (ambivert) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. അധികമാരോടും സംസാരിക്കാൻ താൽപ്പര്യം കാണിക്കാത്തവരെയാണ് അന്തർമുഖൻ എന്ന് പറയുന്നത്. എല്ലാവരോടും അങ്ങോട്ടുപോയി സംസാരിക്കുന്നയാളാണ് ബഹിർമുഖൻ. ഏറെ പരിചയമുള്ളവരുടെ മുന്നിൽ ബഹിർമുഖനും ചിലരുടെ മുന്നിൽ അന്തർമുഖനും ആകുന്നവരെയാണ് ആംബിവർട്ട് എന്ന് പറയുന്നത്.
എന്നാൽ, ഇതിലൊന്നും പെടാത്ത ഒരു തരം സ്വഭാവക്കാരുണ്ട്. ambivert ആണെന്നാകും അവർ സ്വയം വിശേഷിപ്പിക്കുന്നത്. പക്ഷേ, അങ്ങനെയല്ല. അവരെ പറയുന്ന പേരാണ് ഒറ്റപ്പെട്ടവൻ (otrovert). ഒറ്റയ്‌ക്ക് ഒരാളോട് സംസാരിക്കാൻ കഴിയുമെങ്കിലും ഒരു കൂട്ടം ജനങ്ങളെ ഒന്നിച്ചുകണ്ടാൽ ബുദ്ധിമുട്ടുന്നവരാണ് ഇവർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബോളിവുഡ് നടി ഡയാന പെന്റി ഒരു അഭിമുഖത്തിൽ താൻ otrovert ആണെന്ന് പറഞ്ഞിരുന്നു.
എന്താണ് ഒറ്റപ്പെട്ടവൻ (otrovert)
അമേരിക്കൻ മനോരോഗ വിദഗ്ദ്ധനായ ഡോ. റാമി കാമിൻസ്‌കിയാണ് അടുത്തിടെ ഈ പദം ആദ്യമായി പ്രയോഗിച്ചത്. ഓട്രോ എന്നാൽ സ്‌പാനിഷിൽ മറ്റുള്ളവർ എന്നാണ് അർത്ഥം. കാമിൻസ്‌കി പറയുന്നതനുസരിച്ച്, സ്വന്തം ചിന്തകളിൽ ജീവിക്കുന്നവരാണ് ഇവർ. ഇത്തരക്കാർക്ക് ഒരു കൂട്ടം സുഹൃത്തുക്കളോ ഒരുപാടുപേരുമായി ആത്മബന്ധമോ ഉണ്ടാകില്ല. ഒരുപാടുപേരുള്ള ടീമിൽ ഇവർക്ക് നിൽക്കാൻ സാധിക്കില്ല. ഇവരുടെ മനസാന്നിദ്ധ്യം ഒരിക്കലും അത്തരം സാഹചര്യത്തിൽ ഒപ്പമുണ്ടാകില്ല. എല്ലായ്‌പ്പോഴും ഒറ്റയ്‌ക്ക് നിൽക്കാനും ഒറ്റയ്‌ക്ക് ചിന്തിക്കാനുമാണ് ഇവർ ആഗ്രഹിക്കുന്നത്.
എങ്ങനെ കണ്ടെത്താം?
സ്വന്തം ചിന്തകളിലൂടെ ഊർജസ്വലരാകുന്നവരാണ് ഇത്തരക്കാരെന്നാണ് ഡോ. കാമിൻസ്‌കി പറയുന്നത്. ഒറ്റയ്‌ക്കുള്ള ബന്ധങ്ങളിലാണ് ഇവർ കൂടുതൽ സന്തോഷത്തോടെയിരിക്കുന്നത്. ഒരുപാട് സൗഹൃദങ്ങളും ഇവർക്കുണ്ടാകില്ല. പൊതുവേ വളരെ മൃദുവായി സംസാരിക്കുന്നവരും മര്യാദയുള്ളവരുമാണ് ഇക്കൂട്ടർ. നിറയെ ജനത്തിരക്കുള്ള സ്ഥലത്ത് പോകാനോ ധാരാളം ആളുകളുമായി സംസാരിക്കാനോ ഇവർക്ക് ഇഷ്‌ടമായിരിക്കില്ല.
ജോലിസ്ഥലത്തായാൽപ്പോലും ഈ പ്രശ്‌നം ഇക്കൂട്ടർക്ക് നേരിടേണ്ടി വരും. ടീമായി വരുന്ന ജോലികളിൽ ഇവർക്ക് താൽപ്പര്യമുണ്ടാകില്ല. മനഃശാസ്‌ത്രജ്ഞർ പറയുന്നതനുസരിച്ച് ഓട്രോവർട്ടിന്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുണ്ടെന്ന് തോന്നിയാൽ ഉറപ്പിച്ചോളൂ നിങ്ങളും ഓട്രോവർട്ടാണ്.
- ജീവിതത്തിൽ വളരെ കുറച്ച് ആളുകളുമായി മാത്രമേ അടുപ്പമുണ്ടായിരിക്കുകയുള്ളു.
- സങ്കടപ്പെട്ടിരിക്കുമ്പോൾ സമാധാനിപ്പിക്കാൻ വേണ്ടപ്പെട്ട ആളുകൾ വേണം.
- ഒറ്റയ്‌ക്കിരിക്കാൻ വളരെ ഇഷ്‌ടമാണ്. തന്റെ ഏറ്റവും വലിയ സുഹൃത്ത് താൻ തന്നെയായിരിക്കും.
- മറ്റുള്ളവർ പറയുന്ന രീതിക്കനുസരിച്ചോ സമൂഹത്തിന്റെ രീതിക്കനുസരിച്ചോ ചിന്തിക്കില്ല. വ്യക്തിപരമായ തത്വചിന്തയിലൂടെ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവർ.
- മറ്റുള്ളവർ തന്നെ മനസിലാക്കണമെന്ന് ഇവർ ആഗ്രഹിക്കാറുണ്ട്.
ദോഷങ്ങൾ
സമൂഹത്തിൽ ചേരാതെ മാറി നിൽക്കുന്നതിനാൽ ഇവരെപ്പറ്റി പലരും മോശമായി ചിന്തിക്കാനും പറയാനുമുള്ള സാദ്ധ്യത കൂടുതലാണ്. സമൂഹത്തിൽ വളരെയധികം വ്യത്യസ്‌തമായ നിലപാട് എടുക്കുന്നതിനാൽ അതൊരു രോഗമാണെന്ന് പോലും പലരും പറഞ്ഞേക്കും. വിചിത്രമായ സ്വഭാവമുള്ളവരും തെറ്റുകാരുമായി ഇവരെ സമൂഹം ചിത്രീകരിക്കുന്നു.
ഗുണങ്ങൾ
ഈ ലോകത്ത് വ്യത്യസ്‌തവും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതുമായ തീരുമാനങ്ങളെടുക്കാൻ ഇവർക്ക് സാധിക്കും. ജാതിമത ഭേദമില്ലാതെ പണമുള്ളവരോ ഇല്ലാത്തവരോ എന്നൊന്നും നോക്കാതെ യഥാർത്ഥ മനുഷ്യരെ സത്യസന്ധമായി സ്‌നേഹിക്കാൻ ഇവർക്ക് സാധിക്കും. എല്ലാവരെയും ഒരുപോലെ കാണാൻ ഇവർക്ക് സാധിക്കില്ല. പക്ഷേ, ഒപ്പമുള്ളവരെ വളരെ നന്നായി നോക്കാൻ ഇവർക്ക് സാധിക്കും.