'മനസ് മുഴുവൻ വേദനയാണ്, ജനങ്ങൾക്ക് എല്ലാം അറിയാം'; എന്റെ ആളുകളെ വെറുതെ വിടൂവെന്ന് വിജയ്
ചെന്നെെ: നാല്പത്തിയൊന്നുപേരുടെ മരണത്തിനിടയാക്കിയ കരൂരിലെ റാലിക്ക് പിന്നാലെ മൗനം തുടർന്ന നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ് ഇന്ന് വീഡിയോയുമായി രംഗത്തെത്തി. ഇന്ന് വെെകുന്നേരം ടിവികെയുടെ എക്‌സ് പേജിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു വിജയ് പ്രതികരിച്ചത്. തന്റെ ജീവിതത്തിൽ ഇതുപോലെ വേദനാജനകമായ സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ മനസ് മുഴുവൻ വേദനയാണ്. എന്റെ ജീവിതത്തിൽ ഇത്രയും വേദനാജനകമായ സാഹചര്യം ഉണ്ടായിട്ടില്ല. എന്നോടുള്ള സ്നേഹം കൊണ്ടാണ് ജനങ്ങൾ എന്നെ കാണാൻ വന്നത്. അതിന് ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ സംരക്ഷണം ഞാൻ ഓരോ റാലിയിലും ഉറപ്പുവരുത്താറുണ്ട്. പക്ഷേ നടക്കാൻ പാടില്ലാത്തതാണ് നടന്നത്. അവിടെ ഇത്രയും പേർ കഷ്ടപ്പെടുമ്പോൾ എങ്ങനെ ഇവിടെയിരിക്കാൻ തോന്നും. അവിടെ പോകണമെന്ന് എനിക്ക് ഉണ്ട്. പക്ഷേ അവിടെ ഞാൻ പോകുമ്പോൾ വേറെ സംഭവങ്ങൾ നടന്നാലോയെന്ന് കരുതിയാണ് പോകാത്തത്.
ഞാൻ എന്ത് പറഞ്ഞാലും അതിന് തുല്യമാകില്ലെന്ന് അറിയാം. ആശുപത്രിയിൽ ഉള്ളവർ വേഗം സുഖം പ്രാപിക്കട്ടെ. ജനങ്ങൾക്ക് എല്ലാം അറിയാം. സത്യം അവർക്ക് അറിയാം. എല്ലാ സത്യവും ഉടനെ പുറത്തുവരും. ഈ കേസിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്. സിഎം സാർ നിങ്ങൾക്ക് എന്നോട് പ്രതികാരമുണ്ടെങ്കിൽ അത് എന്നോട് മാത്രം കാണിക്കുക. എന്നെ എന്തുവേണമെങ്കിലും ചെയ്തോ? പക്ഷേ എന്റെ ആളുകളെ വെറുതെ വിടൂ. എന്റെ രാഷ്ട്രീയ യാത്ര ഇനിയും കൂടുതൽ പവർഫുള്ളായി മുന്നോട്ട് കൊണ്ടുപോകും'- വിജയ് പറഞ്ഞു.
— TVK Vijay (@TVKVijayHQ) September 30, 2025