ഹൈദരാബാദ് to ലണ്ടൻ, ഇന്നു മുതൽ സിനിമാ തിരക്കിൽ മമ്മൂട്ടി
ഇടവേളയ്ക്കുശേഷം മെഗാസ്റ്റാർ മമ്മൂട്ടി ഇന്നു മുതൽ ക്യാമറയ്ക്ക് മുന്നിൽ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദരാബാദിലെ ലൊക്കേഷനിൽ മമ്മൂട്ടി ജോയിൻ ചെയ്യും. ആറു ദിവസത്തിനുശേഷം ലണ്ടനിൽ ആണ് തുടർ ചിത്രീകരണം. ഹൈദരാബാദിൽനിന്ന് ലണ്ടൻ ഷെഡ്യൂളിൽ പങ്കെടുക്കാൻ പുറപ്പെടാനാണ് മമ്മൂട്ടിയുടെ തീരുമാനം . അറുപതു ദിവസത്തെ ചിത്രീകരണം മമ്മൂട്ടിക്ക് അവശേഷിക്കുന്നുണ്ട്. ചികിത്സാർത്ഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി പൂർണ ആരോഗ്യവാനായാണ് തിരിച്ച് എത്തുന്നത്. മഹേഷ് നാരായണൻ ചിത്രത്തിൽ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി നീണ്ട താരനിരയുണ്ട്.അതേസമയം കളങ്കാവൽ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും വിനായകനും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രജിഷ വിജയൻ, മേഘ തോമസ്, ഗായത്രി അരുൺ ഉൾപ്പെടെ 21 നായികമാരും അണിനിരക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. മഹേഷ് നാരായണൻ ചിത്രത്തിനുശേഷം നിതീഷ് സഹദേവന്റെ ചിത്രം ആണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.നിതീഷ് സഹദേവും നടൻ അനുരാജ് ഒ.ബിയും ചേർന്നാണ് രചന. ജീത്തു ജോസഫിന്റെ ചിത്രത്തിലും മമ്മൂട്ടി അടുത്ത വർഷം അഭിനയിക്കുന്നുണ്ട്.ഇതാദ്യമായാണ് മമ്മൂട്ടിയും ജീത്തു ജോസഫും ഒരുമിക്കുന്നത്.