കേരളത്തിൽ 250 സ്ക്രീനിൽ കാന്താര ചാപ്ടർ 1
രാവിലെ 6.30ന് ആദ്യ പ്രദർശനം
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനാവുന്ന കാന്താര: എ ലെജൻഡ് ചാപ്ടർ 1 കേരളത്തിൽ 250 സ്ക്രീനിൽ.നാളെ രാവിലെ 6.30 നാണ് ആദ്യ പ്രദർശനം, എെ മാക്സ് സ്ക്രീനിലും പ്രദർശനമുണ്ട്. മലയാളം, തമിഴ് പതിപ്പുകളാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്.
ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന് 125 കോടി ആണ് ബഡ്ജറ്റ്. മൂന്നുവർഷത്തെ ചിത്രീകരണത്തിന് ശേഷമാണ് കാന്താര: എ ലെജൻഡ് ചാപ്ടർ 1 പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 2022 ൽ റിലീസ് ചെയ്ത കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുന്നത്. കന്നട, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ളീഷ്, ബംഗാളി ഭാഷകളിൽ കാന്താര ചാപ്ടർ 1 എത്തുന്നു.
കാന്താരയിലൂടെ മികച്ച നടനുള്ള ദേശീയ അംഗീകാരം ഋഷഭ് ഷെട്ടിയെ തേടിയെത്തിയിരുന്നു.
കെ.ജി.എഫ്, കാന്താര, സലാർ തുടങ്ങിയ ബ്ളോക് ബസ്റ്റുകൾ നിർമ്മിച്ച ഇന്ത്യയിലെ മുൻ നിര പാൻ- ഇന്ത്യ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചാപ്ടർ വണ്ണിന്റെയും നിർമ്മാണം. രുക്മിണി വസന്ത് ആണ് നായിക. ജയറാം, ഗുൽഷൻ ദേവയ്യ, കിഷോർ, രാകേഷ് പൂജാരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു. അജനീഷ് ലോക്‌നാഥ് സംഗീതം ഒരുക്കുന്നു.
ബംഗ്ളാൻ ആണ് പ്രൊഡക്ഷൻ ഡിസൈൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ വിതരണം. കാന്താരയുടെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നട സിനിമയുടെ തന്നെ ചരിത്രം വഴിമാറ്റിയ കാന്താരയുടെ രണ്ടാംഭാഗവും തരംഗം തന്നെ തീർക്കുമെന്നാണ് പ്രതീക്ഷ. ആയിരം കോടി ക്ളബിൽ ഇടം നേടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. പി.ആർ.ഒ നിയാസ് നൗഷാദ്.