ബോംബ് ഭീഷണി: ആറ്റുകാൽ ക്ഷേത്രത്തിൽ മൊബൈൽ ഫോണിന് നിയന്ത്രണം
തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് മൊബൈൽ ഫോൺ ക്ഷേത്രത്തിനകത്ത് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ട്രസ്റ്റ്. മൊബൈൽ ഫോൺ സൂക്ഷിക്കാൻ എല്ലാ നടയിലും ക്ലോക്ക് റൂം തയ്യാറാക്കി.
തുടരെ തുടരെയുണ്ടായ അജ്ഞാത ബോംബ് ഭീഷണിയാണ് ഈ നിയന്ത്രണം കൊണ്ടുവരാൻ കാരണം. രണ്ടുപ്രാവശ്യം ബോംബ് ഭീഷണിയുമായി മെയിൽ വന്നു. പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. എന്നാൽ മെയിലിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മൊബൈൽ ഫോണിന് ക്ഷേത്രത്തിനകത്ത് നിയന്ത്രണം ഏർപ്പെടുത്താൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശിച്ചതെന്നാണ് വിവരം.
കർശന സുരക്ഷാസംവിധാനങ്ങളാണ് ഇപ്പോൾ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഭക്തർക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളത്.
പൂജവയ്പ് കാരണം ക്ഷേത്രത്തിൽ ഇപ്പോൾ നല്ല തിരക്കാണ്.കൂടാതെ ക്ഷേത്രമുറ്റത്ത് കലാപരിപാടികളും നടക്കുന്നുണ്ട്. പൊലീസും ബോംബ് സ്‌ക്വാഡും ഇടയ്ക്കിടയ്ക്ക് ക്ഷേത്രത്തിലും പരിസരത്തും പരിശോധന നടത്തുന്നുണ്ട്.
പൂജവയ്പ് തിരക്കുകൾ കഴിഞ്ഞ്, എല്ലാ നടയിലും മെറ്റൽ ഡിക്ടറ്റർ സ്ഥാപിച്ച് അതുവഴി ഭക്തർക്ക് പ്രവേശനം നൽകാനാണ് തീരുമാനം. അതുവരെ നിലവിലെ നിയന്ത്രണം തുടരും.