ചാരുപാറ-ചായം റോഡിൽ മാലിന്യ നിക്ഷേപം രൂക്ഷം
വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറ മേഖലയിൽ വീണ്ടും മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. രാത്രിയായാൽ ഇറച്ചിവില്പന ശാലയിൽ നിന്നും, വീടുകളിൽനിന്നുമുള്ള മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച് റോഡരികിലേക്ക് തള്ളുന്നത് പതിവാണ്.
വേസ്റ്റ് അഴുകി അസഹ്യമായ ദുർഗന്ധം പരക്കുകയാണ്. മാലിന്യനിക്ഷേപം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടി അനവധി തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർന്ന് തൊളിക്കോട്,വിതുര പഞ്ചായത്തുകൾ അന്ന് പ്രശ്നത്തിൽ ഇടപെടുകയും മാലിന്യം നീക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും പഴയസ്ഥിതിയായി.
പന്നിയും തെരുവുനായ്ക്കളും
ചാരുപാറ മേഖലയിൽ തെരുവുനായ്ക്കളുടെയും പന്നിയുയെയും ശല്യം വർദ്ധിച്ചിട്ടുണ്ട്. മാലിന്യം കഴിക്കാനെത്തുന്ന അനവധി തെരുവുനായ്ക്കൾ സ്കൂൾ മേഖലയിൽ തമ്പടിച്ചിട്ടുള്ളതിനാൽ വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ ഇവിടെ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല.
വാഗ്ദാനം കടലാസിൽ
മാലിന്യനിക്ഷേപത്തിന് തടയിടാൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വാഗ്ദാനം നടത്താറുണ്ടെങ്കിലും പ്രഖ്യാപനം കടലാസിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. പ്രദേശത്ത് കൊതുക് ശല്യം വർദ്ധിച്ചതിനാൽ പകർച്ചവ്യാധി ഭീഷണിയിലാണ് നാട്ടുകാർ.