ചെലവ് 30,000 കോടി, നിര്‍മാണ ചുമതലയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും; വരുന്നു പുതിയ കപ്പല്‍ നിര്‍മാണശാല

Tuesday 30 September 2025 9:34 PM IST

കൊച്ചി: രാജ്യത്ത് മറ്റൊരു കപ്പല്‍ നിര്‍മാണശാല കൂടി യാഥാര്‍ത്ഥ്യമാകുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് അത്യാധുനിക കപ്പല്‍ നിര്‍മാണശാല പണികഴിപ്പിക്കാന്‍ ഒരുങ്ങുന്നത്. 500 ഏക്കര്‍ സ്ഥലത്ത് 30,000 കോടി രൂപ ചെലവാക്കിയാണ് കപ്പല്‍ നിര്‍മാണശാല പണിയുന്നത്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് - മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡ് (എംഡിഎല്‍) സംയുക്ത സംരംഭമായാണ് തൂത്തുക്കുടി കപ്പല്‍ശാല നിര്‍മാണം. തമിഴ്നാട് സര്‍ക്കാരുമായി ഇരു കമ്പനികളും ധാരണാപത്രം ഒപ്പിട്ടു. പദ്ധതിക്കുള്ള ഡിപിആര്‍ തയാറാക്കുകയാണ്.

ഒരു ലക്ഷം പേര്‍ക്ക് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇരുപതു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വഹിക്കാന്‍ കഴിയുന്ന വെരിലാര്‍ജ് ക്രൂഡ് കാരിയറുകള്‍ (വിഎല്‍സിസി) നിര്‍മിക്കാന്‍ ശേഷിയുള്ള കപ്പല്‍ശാലയാണ് ലക്ഷ്യമിടുന്നത്.

നാവിക സേനക്കായി വിക്രാന്ത് വിമാനവാഹിനി നിര്‍മിച്ച് പരിചയമുള്ള കൊച്ചി കപ്പല്‍ശാലയും മുന്‍നിര ഡിസ്ട്രോയര്‍ കപ്പലുകള്‍ നിര്‍മിച്ച മാസഗോണ്‍ കപ്പല്‍ നിര്‍മാണശാലയുടെയും കൂട്ടായ പരിചയസമ്പത്ത് തൂത്തുക്കുടി കപ്പല്‍ശാലയുടെ നിര്‍മാണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.