സ്കൂൾ വാഹന സുരക്ഷ ഉറപ്പാക്കാൻ പഴയകുന്നുമ്മൽ പഞ്ചായത്ത്
കിളിമാനൂർ: സ്കൂൾ വാഹന സുരക്ഷയും സ്വകാര്യ ബസ്സുകളുടെ അമിത വേഗത പരിശോധനയും കർശനമാക്കുവാൻ പഴയ കുന്നുമ്മൽ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം. ഇക്കഴിഞ്ഞ ദിവസം പഞ്ചായത്ത് അതിർത്തിയിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ വാഹനം മറിഞ്ഞ് 21 കുട്ടികൾക്ക് പരിക്കേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കിളിമാനൂരിലൂടെ കടന്നുപോകുന്ന സ്വകാര്യ ബസുകൾ അമിത വേഗതയിൽ സഞ്ചരിക്കുന്നതും പഞ്ചായത്ത് ബസ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ കയറ്റി ഇറക്കുന്നതും ഒഴിവാകാനും നിലമേൽ ഭാഗത്ത് നിന്ന് കിളിമാനൂരിലേക്ക് വരുന്ന വാഹനങ്ങൾ ബൈപ്പാസ് ജംഗ്ഷൻ കഴിഞ്ഞും ആറ്റിങ്ങലേക്കുള്ള വാഹനങ്ങൾ എക്സൈസ് ഓഫീസ് കഴിഞ്ഞും നിറുത്തേണ്ടതാണ്.
മുക്ക്റോഡ് ജംഗ്ഷനിൽ ശ്രീരാഗത്തിന് മുന്നിലുള്ള സ്റ്റോപ്പ് ഒഴിവാക്കാനും തീരുമാനിച്ചു. പഞ്ചായത്ത് അതിർത്തിയിൽ ഓടുന്ന ഓട്ടോറിക്ഷകൾ ഡ്രൈവർമാർ എന്നിവരെ സംബന്ധിച്ച് സമഗ്രമായ രജിസ്റ്റർ തയാറാക്കാനും പാർക്കിംഗ് അച്ചടക്കം പാലിക്കാതെയും സ്റ്റാൻഡുകളിൽ കയറാതെയും കറങ്ങി ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നിയമനടപടികൾ ശക്തമാക്കാനും ധാരണയായി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തെ തുടർന്ന് നടന്ന പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗത്തിൽ പ്രസിഡന്റ് എൻ. സലിൽ തീരുമാനങ്ങൾ വിശദീകരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സിബി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. ബി. ഷീബ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.എൽ.അജീഷ്,എസ്. ദീപ,പഞ്ചായത്ത് അംഗങ്ങളായ എസ്. അനിൽകുമാർ ശ്യാംനാഥ്, രതിപ്രസാദ്,ഷീജ സുബൈർ,ബി. ഗിരിജകുമാരി,പി.ഹരീഷ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സരിഗ ജ്യോതി,കെ.ശങ്കർ,കിളിമാനൂർ എസ്.ഐ. സജീർ,വില്ലേജ് ഓഫീസർ മുഹമ്മദ് ഹാജ,പഞ്ചായത്ത് സെക്രട്ടറി എസ്.എ.ലത,പ്രഥമ അദ്ധ്യാപകർ,ട്രെയിനർ വൈശാഖ്,ബസ് ഡ്രൈവർമാർ,ആയമാർ എന്നിവർ പങ്കെടുത്തു.