പരിശീലിക്കാൻ ഇടമില്ലാതെ ഉഷയുടെ പിന്മുറക്കാർ; മൈതാനം തേടി നെട്ടോട്ടം
പൊലീസ് മൈതാനത്തിന് വൻ ഫീസ് നിശ്ചയിച്ചതോടെ കുട്ടികളുടെ പരിശീലനസൗകര്യം ഇല്ലാതായി
രാജ്യത്തിന്റെ അഭിമാനതാരങ്ങളെ ഒരുക്കിയ സ്പോർട്സ് സ്കൂളിന് ഇനിയും സിന്തറ്റിക് ട്രാക്ക് ഇല്ല
പരിശീലനത്തിനായി മണിക്കൂറുകൾ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ക്ളാസുകൾ നഷ്ടപ്പെടുന്നു
വിദ്യാലയത്തിന്റെ വൈദ്യുതിബിൽ അടക്കാൻ തുക നൽകാതെ കോർപറേഷനും
ദുരിതം അനുഭവിക്കുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 250 കായികതാരങ്ങൾ
കണ്ണൂർ: രാജ്യാന്തര മേളകളിൽ ഇന്ത്യയുടെ അഭിമാനമായി നിന്ന പി ടി ഉഷ, ബോബി അലോഷ്യസ്, അനു രാഘവൻ, ഗ്രീഷ്മ എന്നീ താരങ്ങൾ പിറവിയെടുത്ത കണ്ണൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്‌കൂളിലെ കായികതാരങ്ങൾ പരിശീലന സൗകര്യമില്ലാതെ നെട്ടോട്ടമോടുന്നു.കിലോമീറ്ററുകൾക്കപ്പുറമുള്ള തലശ്ശേരിയിലെ സിന്തറ്റിക് ട്രാക്കിലേക്ക് രാവിലെ അഞ്ചുമണിയോടെ ട്രെയിൻ കയറുകയാണ് ഭാവിയുടെ ഈ താരങ്ങൾ.
കാലങ്ങളായി പരിശീലനത്തിന് സൗജന്യമായി ലഭിച്ചിരുന്ന പൊലീസ് പരേഡ് ഗ്രൗണ്ട് നവീകരിച്ചതോടെ ഫീസ് നിശ്ചയിച്ചതാണ് ഇവരുടെ ദുരിതത്തിന് പിന്നിൽ. പ്രതിമാസം 30,000 രൂപ നൽകാനുള്ള സാഹചര്യം ഈ കുട്ടികൾക്കില്ല. സ്‌കൂൾ അധികൃതർ സർക്കാർ തലത്തിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. സംസ്ഥാനത്തെ മറ്റു കായിക വിദ്യായലങ്ങളായ തൃശ്ശൂർ കുന്നംകുളം സ്‌പോർട്സ് സ്‌കൂളിനും തിരുവനന്തപുരം ജി.വി രാജ സ്‌പോർട്സ് സ്‌കൂളിനും സ്വന്തമായി സിന്തറ്റിക് ട്രാക്കുണ്ട്. എന്നാൽ രാജ്യത്തിന് ഒളിമ്പിക് താരങ്ങളെ സമ്മാനിച്ച കണ്ണൂരിലെ സ്‌കൂളിന് മാത്രം ഇത് ലഭിച്ചില്ല .കണ്ണൂരിലെ മിലിട്ടറി മൈതാനം ഫുട്‌ബോൾ പരിശീലനത്തിന് സൗജന്യമായി നൽകുമ്പോൾ പൊലീസ് മൈതാനത്തിന് ഭീമമായ തുക ചോദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഈ വിദ്യാർത്ഥികൾ പറയുന്നത്.കേവലം പതിനായിരം രൂപ മാത്രമാണ് ഈ സ്പോർട്സ് സ്കൂളിനുള്ള പി.ടി.എ ഫണ്ട്.
പരിശീലനത്തിന് പോകുമ്പോൾ ക്ളാസ് നഷ്ടം പരിശീലനത്തിന് തലശ്ശേരി സിന്തറ്റിക് ട്രാക്കിൽ പോകുന്ന വിദ്യാർത്ഥിനികളുടെ ദിനചര്യ അതികഠിനമാണ്. അതിരാവിലെ 5.10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന കുട്ടികൾക്ക് സ്‌കൂളിൽ തിരിച്ചെത്തുന്നത് രാവിലെ പതിനൊന്നരയോടെയാണ്. ആഴ്ചയിൽ നാല് ദിവസം ഇങ്ങനെ യാത്ര ചെയ്യണം. ഈ കുട്ടികൾക്ക് സ്കൂളിൽ ആദ്യത്തെ മൂന്ന് മണിക്കൂർ ക്ലാസുകൾ ഇങ്ങനെ നഷ്ടപ്പെടുന്നു. കായിക വിദ്യാഭ്യാസത്തോടൊപ്പം അക്കാഡമിക് പഠനവും പ്രധാനമാണെന്നിരിക്കെയാണ് ഈ അവസ്ഥ.സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട 250 വിദ്യാർത്ഥിനികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. എല്ലാവരും സംസ്ഥാനത്തിന്റെ കായികപ്രതീക്ഷകളാണ്.
വൈദ്യുതി ബിൽ മുടക്കി കോർപ്പറേഷനും കണ്ണൂർ കോർപറേഷൻ 2024 ഡിസംബർ മുതലുള്ള വിദ്യാലയത്തിലെ വൈദ്യുതി ബിൽ കുടിശ്ശികയാണ്. രാവിലെ ആറു മുതൽ 8 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയും സ്‌കൂളിലെ കോർട്ടുകളിൽ പരിശീലനം നടക്കുന്നു. കൂടാതെ കണ്ണൂരിന്റെ ഭരണ സിരാകേന്ദ്രമെന്ന നിലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, സ്‌പോർട്സ് കൗൺസിൽ, തദ്ദേശസ്ഥാപനം എന്നിവയുടെ വിവിധ തലത്തിലെ മത്സരങ്ങളും ഇവിടെ നടക്കുന്നു. അതിനാൽ മിക്കപ്പോഴും 20,000 രൂപയിലധികമാണ് വൈദ്യുതി ബില്ല്.കോർപറേഷൻ സഹായിക്കാത്തതിനാൽ അദ്ധ്യാപകർ പിരിവെടുത്താണ് ഇപ്പോൾ ബില്ലടയ്ക്കുന്നത്.