ഇന്ന് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനം വഴികാട്ടുന്ന നക്ഷത്ര ദീപ്തി
സി.പി.ഐ (എം) ന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനമാണ് ഇന്ന്. 2022 ഒക്ടോബർ ഒന്നിനാണ് സഖാവ് കോടിയേരി നമ്മെ വിട്ടുപിരിഞ്ഞത്. പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ സൃഷ്ടിച്ച നഷ്ടം പരിഹരിക്കാവുന്നതല്ല. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം പാർട്ടിക്കും വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങൾക്കും വർഗ - ബഹുജന സംഘടനകൾക്കും ഊർജസ്വലമായ നേതൃത്വം നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹം അനുപമമായ മാതൃക കാട്ടി. ഏതു പ്രതിസന്ധി ഘട്ടവും മുറിച്ചുകടന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കോടിയേരി സ്‌നേഹനിർഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവർന്നു.
കേരളം മുഴുവൻ പ്രവർത്തന മണ്ഡലമാക്കിയ കോടിയേരി മറ്റ് സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും അവിടങ്ങളിലെ ജനങ്ങളുടെ ജീവിതവും വ്യക്തമായി മനസിലാക്കി. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ അതീവ ശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതിൽ ബദ്ധ ശ്രദ്ധനായിരുന്നു. നല്ലൊരു പാർലമെന്റേറിയൻ കൂടിയായിരുന്ന കോടിയേരി നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലും ശോഭിച്ചു. കൈകാര്യം ചെയ്ത വകുപ്പുകൾക്ക് നൂതനമായ ആശയങ്ങളിലൂടെ മിഴിവേകാനും കഴിഞ്ഞു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് എന്നിവയെല്ലാം കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ രൂപംകൊണ്ടതാണ്. നിരവധിയായ ജയിൽ പരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പാക്കി.
കേരളത്തിന്റെ ഭാവി വികസനം മുന്നിൽക്കണ്ട് എൽ.ഡി.എഫ് ആവിഷ്‌കരിച്ച വികസന പദ്ധതികളിലെല്ലാം കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വികസന വിഷയങ്ങളും നാടിന്റെ ആവശ്യങ്ങളും വ്യക്തമായി പഠിച്ച് നിയമസഭയിൽ ശക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. നർമ്മത്തിന്റെ അകമ്പടിയോടെ കുറിക്കുകൊള്ളുന്ന വാക്കുകളുമായി നിയമസഭയിൽ ശോഭിച്ചു. എതിർ പാർട്ടികളിൽപ്പെട്ടവരുടെ പോലും സ്‌നേഹവും ആദരവും ഏറ്റുവാങ്ങാനും കോടിയേരിക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ചെറുചിരിയോടെ സ്വീകരിച്ച് അവരുടെ വാക്കുകൾ സശ്രദ്ധം കേട്ട് പരിഹാരമാർഗം നിർദ്ദേശിക്കുമായിരുന്നു. രോഗം കീഴ്‌പ്പെടുത്തിയപ്പോഴും അതിന്റെ ബുദ്ധിമുട്ടുകൾ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനംവരെ പോരാടിയ സഖാവിനെയാണ് നമുക്ക് നഷ്ടമായത്.
ചെറുപ്പം മുതൽ കോടിയേരി ബാലകൃഷ്ണനുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. കണ്ണൂർ ജില്ലയിൽ ഞങ്ങളിരുവരും സംഘടനാ പ്രവർത്തനത്തിൽ സജീവമായി വന്ന ഘട്ടം മുതൽ അടുത്തറിയാം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ (കെ.എസ്.വൈ.എഫ്) രൂപീകരണ വേളയിൽ ഈ ബന്ധം ദൃഢമായി. അന്ന് വിദ്യാർത്ഥി രംഗത്തായിരുന്നു കോടിയേരിയുടെ പ്രവർത്തനം. ഞാൻ യുവജന സംഘടനാരംഗത്തും. ഞങ്ങളുടെയൊക്കെ പ്രധാന കേന്ദ്രം സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. പല ദിവസങ്ങളിലും രാത്രി ഈ ഓഫീസിലായിരുന്നു താമസം. അന്ന് രൂപപ്പെട്ട സൗഹൃദം ജീവിതാവസാനം വരെ ഒരു പോറൽ പോലുമേൽക്കാതെ നിലനിന്നു.
സംഘാടകൻ എന്ന നിലയിൽ ചെറുപ്പം മുതലേ മികച്ച കഴിവ് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി. ഏത് സന്നിഗ്ദ്ധ ഘട്ടത്തിലും പാർട്ടിയെ മുന്നാട്ടു നയിക്കുന്ന നേതാവ്. തലശ്ശേരി മേഖലയിൽ ആർ.എസ്.എസിന്റെ കടന്നാക്രമണം തുടർച്ചയായി നടക്കുമ്പോൾ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിൽ സഖാവ് മുന്നിലുണ്ടായിരുന്നു. സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ, കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രസംഗശൈലി. രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്നതിൽ ഒരു പിശുക്കും കാട്ടിയില്ല. സംഘാടകൻ, പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയനായി കോടിയേരി വളരുന്നത് അടുത്തുനിന്ന് വീക്ഷിക്കാൻ എനിക്ക് കഴിഞ്ഞു. പാർട്ടിയിൽ ആശയപരമായ വ്യതിയാനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പാർട്ടിയെ പരിക്കേൽക്കാതെ രക്ഷിച്ചതിലും കോടിയേരിക്ക് പങ്കുണ്ട്.
രാഷ്ട്രീയ എതിരാളികളോടു പോലും എന്നും സൗഹൃദം നിലനിറുത്താൻ കോടിയേരിക്ക് കഴിഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാർട്ടിയെയാകെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനായി. നിഷ്‌കളങ്കവും സൗമ്യവുമായ പെരുമാറ്റത്തിലൂടെ ആരെയും ആകർഷിക്കാൻ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു. വിശ്രമരഹിതമായ രാഷ്ട്രീയ ജീവിതമായിരുന്നു സഖാവിന്റേത്. അസുഖം ബാധിച്ച ഘട്ടത്തിലും അതിന് മാറ്റമുണ്ടായില്ല. ഏത് പരീക്ഷണ ഘട്ടത്തിലും സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ആദരവ് പിടിച്ചു വാങ്ങാനും അദ്ദേഹത്തിനായി. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ ജനകീയ വികസന പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ട് കുതിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോടിയേരിയുടെ വേർപാടുണ്ടായത്.
സഖാവ് ഉൾപ്പടെയുള്ള നേതാക്കൾ സ്വപ്നം കണ്ട ആ പാതയിലേക്കാണ് എൽ.ഡി.എഫ് സർക്കാർ കേരളത്തെ നയിക്കുന്നത്. എല്ലാ മേഖലകളിലും കാതലായ മാറ്റങ്ങളുടെ കാലം. ജനജീവിതം തന്നെ പരിഷ്‌കരിക്കപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. കൺമുന്നിൽ കാണാവുന്ന ഈ മാറ്റം സാധാരണ ജനത തിരിച്ചറിയുന്നണ്ട്. അവർ ഈ സർക്കാർ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ഉടക്കുകളെല്ലാം അതിജീവിച്ചാണ് സർക്കാർ ജനകീയ വിഷയങ്ങൾക്ക് പരിഹാരം കാണുന്നത്. ബി.ജെ.പിയാകട്ടെ മതവും സമുദായവും വിശ്വാസവുമെല്ലാം ദുരുപയോഗിച്ച് ഉത്തരേന്ത്യൻ മോഡൽ കേരളത്തിൽ പരീക്ഷിക്കാനാകുമോ എന്ന ശ്രമത്തിലാണ്. വികസന വിരുദ്ധരെ ഒറ്റപ്പെടുത്തി നമുക്ക് ഇനിയുമേറെ മുന്നേറാനുണ്ട്. നാടിനു വേണ്ടി യോജിച്ച പ്രവർത്തനമാണാവശ്യം. പ്രക്ഷോഭ പാതകൾക്ക് എന്നും ഊർജം പകർന്ന കോടിയേരി സഖാവിന്റെ സ്മരണ നമുക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും കരുത്തേകും. ആ അമരസ്മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
(സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)