പ്രോ- റേറ്റാ വ്യവസ്ഥ ഒഴിവാക്കണം
ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയായ തൊഴിൽ സുരക്ഷാ സംരക്ഷണ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സ്ഥാപനമാണ് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ എന്ന ഇ.പി.എഫ്.ഒ. ഇതിന്റെ കീഴിൽ ഏതാണ്ട് അഞ്ചുകോടി വരിക്കാരാണുള്ളത്. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇത് രൂപീകരിച്ചത്. കാലക്രമത്തിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പരമാവധി എങ്ങനെ കുറച്ച് നൽകാം എന്നതിനാണ് ഇ.പി.എഫ്.ഒ മുൻതൂക്കം നൽകുന്നതെന്ന് അവരുടെ നടപടികൾ വ്യക്തമാക്കുന്നു.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ ഒരു കോടതിയും പറയാതെ തന്നെ ഇ.പി.എഫ്.ഒ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ അവർ അത് ചെയ്തില്ലെന്ന് മാത്രമല്ല വർഷങ്ങളോളം ഹൈക്കോടതികളിലും സുപ്രീംകോടതിയിലും നടന്ന കേസുകളിൽ തൊഴിലാളികളുടെ തികച്ചും ന്യായമായ ഈ അവകാശത്തെ അവർ നഖശിഖാന്തം എതിർക്കുകയാണ് ചെയ്തത്. സുപ്രീംകോടതിയിൽ കേസ് തോറ്റിട്ടും റിവ്യൂ പെറ്റിഷൻ നൽകി പിന്നെയും അവർ കാലതാമസം വരുത്തി. ഒടുവിൽ നിയമത്തിന്റെ എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് അവർ ഉയർന്ന പെൻഷൻ അനുവദിച്ചത്. അപ്പോഴും പെൻഷൻ തുക അനുവദിക്കാൻ പ്രോ- റേറ്റ എന്ന സമ്പ്രദായമാണ് അവർ അവലംബിച്ചത്. പെൻഷൻ കണക്കാക്കുമ്പോൾ പരിഗണിക്കുന്ന ശരാശരി ശമ്പളം 2014 ആഗസ്റ്റ് 31 വരെ പരമാവധി 6500 രൂപയും അതിനുശേഷം 15,000 രൂപയുമായി കണക്കാക്കുന്നതാണ് പ്രോ- റേറ്റ വ്യവസ്ഥ. എന്നാൽ യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ ലഭിക്കുന്നതിനായി പ്രതിമാസ വിഹിതം അടയ്ക്കുന്നവർക്ക് ഇത് ബാധകമാക്കുന്നത് അന്യായമാണെന്ന് തൊഴിലാളി സംഘടനകളും മറ്റും ചൂണ്ടിക്കാട്ടിയിരുന്നതാണ്.
പ്രോ റേറ്റ സമ്പ്രദായത്തിൽ പെൻഷൻ നൽകുമ്പോൾ ന്യായമായി ലഭിക്കേണ്ടുന്ന പെൻഷനിൽ 35 ശതമാനത്തോളം കുറവാണ് ഉണ്ടാകുന്നത്. ഈ വ്യവസ്ഥയ്ക്കെതിരെ ഹിമാചൽപ്രദേശ് ഹൈക്കോടതിയിൽ ഹർജി നൽകിയ മൂന്ന് പേർക്ക് വീണ്ടും പെൻഷൻ ഉയർത്തി നൽകിക്കൊണ്ട് കോർട്ടലക്ഷ്യ നടപടിയിൽ നിന്ന് ഇ.പി.എഫ്.ഒ തലയൂരിയിരിക്കുകയാണ്. പ്രോ റേറ്റ സമ്പ്രദായ പ്രകാരം നിശ്ചയിച്ചതിനേക്കാൾ ഉയർന്ന പെൻഷൻ നൽകാൻ ഇ.പി.എഫ്.ഒ തയാറായത് ആ വ്യവസ്ഥ തെറ്റാണെന്ന് അവർ തന്നെ സമ്മതിക്കുന്നതിന് തുല്യമാണ്. എന്നാൽ ഇത് രാജ്യമെമ്പാടും നടപ്പാക്കാൻ അവർ തയാറാകുന്നില്ല.
പെൻഷനായവർ ഇനിയും വർഷങ്ങളോളം കോടതി കയറിയിറങ്ങാൻ ഇടയാക്കാതെ ഈ സമ്പ്രദായം തെറ്റെന്ന് ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് അത് ഒഴിവാക്കി ന്യായാമായ ഉയർന്ന പെൻഷൻ നൽകാൻ ഇ.പി.എഫ്.ഒ തയാറാകേണ്ടതാണ്. ഇ.പി.എഫ്.ഒയുടെ ഉയർന്ന ഉദ്യോഗസ്ഥന്മാർ പറയുന്നത് അതേപടി അംഗീകരിക്കുന്ന ഒരു നയമാണ് തൊഴിൽ മന്ത്രാലയം ഇതുവരെ സ്വീകരിച്ചുവരുന്നത്. അതിൽ മാറ്റം വന്നാൽ അന്യായമായ ഈ പ്രോ- റേറ്റ വ്യവസ്ഥ ഒഴിവാകാൻ ഒരു സർക്കുലർ ഇറങ്ങേണ്ട താമസമേ ഉണ്ടാകൂ. ഇനി അത് ഉണ്ടായില്ലെങ്കിൽ തന്നെ ഉന്നത കോടതിയിൽ നിന്ന് ഒടുവിൽ പെൻഷനായ ജീവനക്കാർക്ക് അനുകൂലമായ വിധി ഉണ്ടാകാതിരിക്കില്ല.