യു.പി.എസ്.സി: വിശ്വാസ്യതയുടെ പ്രതീകം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തിലേക്ക് പ്രവേശിക്കുകയാണ്. ലോകത്തിലെ ഏറ്റവും വൈവിദ്ധ്യപൂർണ്ണവും വലുതുമായ ജനാധിപത്യ രാജ്യത്ത് ബൃഹത്തായ ഭരണ ദൗത്യം നിർവഹിക്കുന്ന സിവിൽ സർവീസുകൾക്കിടയിൽ, കഴിവിനനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന അധികാര വ്യവസ്ഥയുടെ സംരക്ഷക സ്ഥാപനമായും, ഭരണഘടനാ സ്ഥാപനമായും നമ്മുടെ പൂർവ്വികർ പബ്ലിക് സർവീസ് കമ്മീഷനുകളെ (പി.എസ്.സി) വിഭാവനം ചെയ്തിരുന്നു. അതനുസരിച്ച്, കേന്ദ്ര സിവിൽ സർവീസസിലെ ഉദ്യോഗസ്ഥരെ നിയമിക്കൽ, സ്ഥാനക്കയറ്റം നൽകൽ, അച്ചടക്ക പാലന നടപടികൾ സൃഷ്ടിക്കൽ എന്നിവയിൽ യു.പി.എസ്.സിക്ക് നിർണായക അധികാരമാണ് നൽകിയത്. അതിനാൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുള്ള യു.പി.എസ്.സിയുടെ പരിണാമഗാഥ കേവലം സ്ഥാപനപരമായ ചരിത്രരേഖ മാത്രമല്ല, നീതി, വിശ്വാസം, സമഗ്രത എന്നിവയിലുള്ള ഇന്ത്യയുടെ ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്. സിവിൽ സർവീസ് റിക്രൂട്ട്മെന്റിനായുള്ള തുറന്ന മത്സര പരീക്ഷ 1850-കളിൽ ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് സിവിൽ സർവീസ് കമ്മീഷൻ ആ പരീക്ഷകൾ ലണ്ടനിലാണ് നടത്തിയിരുന്നത്. ബ്രിട്ടീഷ് സിവിൽ സർവീസിനുള്ള മത്സര പരീക്ഷയ്ക്ക് വർഷങ്ങൾക്ക് മുമ്പ്തന്നെ ഇന്ത്യൻ സിവിൽ സർവീസിനുള്ള മത്സര പരീക്ഷകളുണ്ടായിരുന്നു. എന്നാൽ വിദേശത്തുവച്ച് നടത്തപ്പെട്ട ഈ പരീക്ഷകൾ ഇന്ത്യൻ ഉദ്യോഗാർത്ഥികളെ വലിയതോതിൽ പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും, ബുദ്ധിമുട്ടുകൾക്കിടയിലും, ചില ഇന്ത്യക്കാർ ഐ.സി.എസിൽ പ്രവേശിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്തു. ഐ.സി.എസിൽ പ്രവേശിച്ച ആദ്യ ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ് ടാഗോർ(1863), ആർ സി ദത്ത് (1869), സുരേന്ദ്രനാഥ് ബാനർജി(1869) തുടങ്ങിയവർ ആദ്യകാലങ്ങളിൽ ഇത്തരത്തിൽ സിവിൽ സർവീസിൽ പ്രവേശനം നേടിയവരായിരുന്നു. ഇംഗ്ലണ്ടിലും ഇന്ത്യയിലും ഒരേസമയം പരീക്ഷ നടത്തണമെന്ന ഇന്ത്യൻ നേതൃത്വത്തിന്റെ നിരന്തര ആവശ്യം എന്നാൽ ഭരണാധികാരികൾ ചെവിക്കൊണ്ടിരുന്നില്ല. എന്നാൽ, ഇന്ത്യയിൽ സ്വതന്ത്ര പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചുള്ള ആദ്യ പരാമർശം 1919ലെ ഇന്ത്യാ ഗവൺമെന്റ് ആക്ടിലാണ് ഉണ്ടായത്. 1924ലെ ലീ കമ്മീഷന്റെ ശുപാർശകളെ തുടർന്ന് 1926 ഒക്ടോബറിൽ പബ്ലിക് സർവീസ് കമ്മീഷൻ എന്ന പേരിൽ ഇത് സ്ഥാപിതമായി. തുടക്കത്തിൽ സർ റോസ് ബാർക്കരുടെ നേതൃത്വത്തിൽ കോളനിവാഴ്ച ജാഗ്രതയോടെ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് പരിമിതമായ പ്രവർത്തനങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1935ൽ, ഇത് ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷനായി പുനർസംഘടിപ്പിക്കപ്പെട്ടു. ഭരണത്തിൽ ഇന്ത്യക്കാർക്ക് കൂടുതൽ വലിയ പങ്ക് നൽകുന്നതിൽ നിർണായക ചുവടുവയ്പ്പ് ആയിരുന്നു ഇത്. 1950 ൽ ഇന്ത്യ റിപ്പബ്ലിക് ആയതോടെ, ഇത് യു.പി.എസ്.സി എന്ന നിലയിൽ ഇന്നത്തെ ഭരണഘടനാ പദവി നേടി. ഈ ചരിത്രപരമായ പരിണാമം ഭരണപരമായ തുടർച്ചയെ മാത്രമല്ല, ഇന്ത്യയുടെ സ്വന്തം ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വർദ്ധിച്ച ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. ആദ്യകാലങ്ങളിൽ ഏതാനും ചില പരീക്ഷകൾ നടത്തിയ ഇടത്തുനിന്ന് തുടങ്ങി യു.പി.എസ്.സി ഇന്ന് അഭിമാനകരമായ സിവിൽ സർവീസസ് പരീക്ഷ മുതൽ എഞ്ചിനീയറിംഗ്, ഫോറസ്റ്റ്, മെഡിക്കൽ, സ്റ്റാറ്റിസ്റ്റിക്കൽ, മറ്റ് സേവനങ്ങൾ തുടങ്ങിയ പ്രത്യേക സേവന മേഖലകൾ വരെയുള്ള വിശാലവും വൈവിധ്യപൂർണ്ണവുമായ നിയമന നടപടികൾ കൈകാര്യം ചെയ്യുന്നു. ഇന്ത്യ റിപ്പബ്ലിക്കിനൊപ്പം തന്നെ അതിന്റെ വ്യാപ്തിയും വികസിച്ചു. എന്നാൽ, പൊതുസേവനത്തിനായി ഏറ്റവും മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്യുക എന്ന അതിന്റെ പ്രധാന ദൗത്യം മാറ്റമില്ലാതെ തുടരുന്നു. കമ്മീഷൻ അതിന്റെ ശതാബ്ദിയിലേക്ക് കടക്കുമ്പോൾ, ഈ നിമിഷം ആഘോഷം മാത്രമല്ല, പ്രതിഫലനവും ആവശ്യപ്പെടുന്നു. ഭൂതകാലത്തെ ആദരിക്കാനും, വർത്തമാനകാലത്തെ ആഘോഷിക്കാനും, അടുത്ത നൂറ്റാണ്ടിലേക്കുള്ള കാഴ്ചപ്പാട് സ്ഥാപിക്കാനുമുള്ള അവസരമാണ് ഈ ശത വാർഷിക ആഘോഷം.
(അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വ്യക്തിപരം.)