സ്റ്റാലിനെ വെല്ലുവിളിച്ച് വിജയ്: 'പ്രവർത്തകരെ തൊടരുത്, ഞാൻ വീട്ടിലുണ്ടാകും"

Wednesday 01 October 2025 1:02 AM IST

ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടി.വി.കെ പ്രവർത്തകരെ തൊടരുതെന്നും, താൻ വീട്ടിലോ ഓഫീസിലോ ഉണ്ടാകുമെന്നും നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയ്. ക​രൂ​രി​ൽ​ ​ടി.വി.കെ റാലിക്കിടെയുണ്ടായ തിരക്കിൽ 41 പേർ മരിച്ച സംഭവത്തിൽ നാലാം നാളാണ് വിജയ് മൗനംവെടിഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വെല്ലുവിളിച്ചാണ് വീഡിയോ അവസാനിപ്പിച്ചത്. തന്റെ രാഷ്ട്രീയ യാത്ര തുടരും. കരൂർ ദുരന്തത്തിൽ ഗൂഢാലോചനയുണ്ട്.

തന്റെ ഹൃദയം വേദനകൊണ്ട് പിടയുകയാണ്. സ്‌നേഹം കൊണ്ടാണ് ജനം റാലിക്കെത്തിയത്. ദുരന്തത്തിൽ രാഷ്ട്രീയം കലർത്താനില്ല. സത്യം പുറത്തുവരുമെന്നും വിജയ് കൂട്ടിച്ചേർത്തു.

'നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇത്രയും ആളുകൾക്ക് ദുരിതമുണ്ടായപ്പോൾ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാനാണ് അവിടേക്ക് വരാതിരുന്നത്. പരിക്കേറ്റവരെ ഉടൻ കാണും. വേദനയിൽ കൂടെ നിന്നവർക്കും നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും നന്ദി. കരൂരിൽ നിന്നുള്ള ജനങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. മുഖ്യമന്ത്രി സാർ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യൂ... എന്റെ പാർട്ടി പ്രവർത്തകരെ തൊടരുത്. ഞാൻ വീട്ടിലുണ്ടാകും. അല്ലെങ്കിൽ ഓഫീസിലുണ്ടാകും. രാഷ്ട്രീയ യാത്ര തുടരും'- വിജയ് പറഞ്ഞു.

ജന വികാരം ഡി.എം.കെയ്ക്കെതിരെ

കരൂർ ദുരന്തത്തിനി​ട​യാ​ക്കി​യ​ ​റാ​ലി​ ​ന​യി​ച്ച​ത് വി​ജ​യ്‌യാണെങ്കിലും സംഭവശേഷം നാലാം നാൾ ഭരണകക്ഷിയായ ഡി.എം.കെയ്ക്കെതിരെ കാര്യങ്ങൾ തിരിയുന്നു. ദുരന്തസ്ഥലം സന്ദർശിച്ച ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സംഘം വിജയ്‌യെ കുറ്റപ്പെടുത്താതെ സർക്കാരിനേയും പൊലീസിനേയുമാണ് വിമർശിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാകട്ടെ ടി.വി.കെയെ കുറ്റപ്പെടുത്തിയുമില്ല. വിഷയത്തിൽ വീഡിയോ പ്രതികരണവുമായി വിജയ് നേരിട്ടെത്തിയപ്പോഴേക്കും പൊതുവികാരം സർക്കാരിനെതിരാകുന്ന നിലയിലേക്കായി. ജയ്‌ക്കെതിരെ കേസെടുക്കാത്തതിൽ ഡി.എം.കെ നേതാക്കൾക്കിടയിൽ രണ്ടഭിപ്രമായവുണ്ട്. സംഭവുമായി ബന്ധപ്പെട്ടുള്ള കേസുകൾ മദ്രാസ് ഹൈക്കോടതി മൂന്നിനേ പരിഗണിക്കൂ. അപ്പോഴേക്കും കാര്യങ്ങൾ വിജയ്‌യുടെ വഴിയിലേക്ക് എത്തുമെന്നാണ് ടി.വി.കെ നേതൃത്വത്തിന്റെ പ്രതീക്ഷ.