അധികാരികളെ ഇത് 'ഹൃദയശൂന്യത'

Wednesday 01 October 2025 1:03 AM IST

ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗം പുനസ്ഥാപിച്ചില്ല

പാലാ: പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഹൃദ് രോഗ വിഭാഗം എന്ന് പുനരാരംഭിക്കും?. കാലങ്ങളായി പാലായിലെയും സമീപപ്രദേശങ്ങളിലേയും നിർദ്ധനരായ രോഗികൾ ഉയർത്തുന്ന ചോദ്യമാണ്. ജനറൽ ആശുപത്രിയിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന ഹൃദ്രോഗ വിഭാഗം ആറ് മാസം മുമ്പാണ് പൂർണമായും നിലച്ചത്. ഇവിടെയുണ്ടായിരുന്ന ഡോക്ടർമാരെ പലപ്പോഴായി വിവിധ ആശുപത്രികളിലേക്ക് മാറ്റികൊണ്ടുപോയതിനെ തുടർന്നാണ് ഈ വിഭാഗം ക്രമേണ ഇല്ലാതായത്. കഴിഞ്ഞവർഷം വരെ ആഴ്ചയിൽ ഒരുദിവസം ഒ.പി വിഭാഗം പ്രവർത്തിച്ചിരുന്നു. പിന്നീട് അതും നിലച്ചു. എം.പി ഫണ്ട് ചിലവഴിച്ച് ലക്ഷങ്ങൾ മുടക്കി വാങ്ങിയ എക്കോ മിഷീൻ പൊടിപിടിച്ച് നശിക്കുകയാണ്. മലയോരമേഖലയിൽ സർക്കാർ മേഖലയിൽ ഉണ്ടായിരുന്ന ഏക ഹൃദ് രോഗ ചികിത്സാ വിഭാഗമായിരുന്നു ഇവിടുണ്ടായിരുന്നത്.ചികിത്സ നിലച്ചതോടെ സ്വകാര്യ ആശുപത്രികളിലെ പണച്ചിലവേറിയ രോഗനിർണയ ചികിത്സാ വിഭാഗങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലായി രോഗികൾ.

എല്ലാം നാശത്തിന്റെ വക്കിൽ

കെ.എം.മാണി ധനമന്ത്രിയായിരുന്നപ്പോൾ ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗം വിപുലപ്പെടുത്തുന്നതിനായി കാത്ത് ലാബ് ആരംഭിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്തിരുന്നു. ഇതിനായി പ്രത്യേക കെട്ടിടവും പൂർത്തിയാക്കിയിരുന്നു.എന്നാൽ കാത്ത് ലാബ് വന്നുമില്ല ഉണ്ടായിരുന്ന ഒ.പി വിഭാഗവും കൂടി ഇല്ലാതാവുകയും ചെയ്തു.. കാത്ത് ലാബാന് മാത്രമായി നിർമ്മിച്ച കെട്ടിട ഭാഗം പൊടിപിടിച്ച് കിടക്കുകയാണ്. ജനറൽ ആശുപത്രി സ്റ്റാഫ് പാറ്റേൺ പ്രകാരം ഹൃദ്രോഗവിഭാഗം ഉണ്ടായിരിക്കണമെന്നിരിക്കേയാണ് ഒരു പ്രധാനചികിത്സാവിഭാഗം പാടെ ഇല്ലാതായത്.

പരാതി നൽകി, എന്നിട്ടും...

ഒ.പി വിഭാഗമെങ്കിലും പുനരാരംഭിക്കണമെന്നും മാറ്റികൊണ്ടുപോയ ഡോക്ടർ തസ്തികകൾ തിരികെ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻമാരും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ആരോഗ്യവകുപ്പിനോട് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രി മുമ്പാകെയും ആവശ്യം ഉന്നയിച്ചിരുന്നതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം വ്യക്തമാക്കി.

മുമ്പ് ഒ.പിയിൽ എത്തിയിരുന്നത്: 50 മുതൽ 70 വരെ രോഗികൾ