ബീഹാർ അന്തിമ വോട്ടർപട്ടിക: 47 ലക്ഷം പേർ പുറത്ത്

Tuesday 30 September 2025 10:16 PM IST

ന്യൂഡൽഹി: ബീഹാറിൽ തീവ്ര വോട്ടർപട്ടിക പുതുക്കൽ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ 47 ലക്ഷം പേർ പുറത്തായി. എസ്.ഐ.ആറിന് മുൻപ് 7.89 കോടി വോട്ടർമാരുണ്ടായിരുന്നു. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പട്ടിക അപ്‌ലോഡ് ചെയ്‌തപ്പോൾ വോട്ടർമാരുടെ എണ്ണം 7.42 കോടിയായി കുറഞ്ഞു. അതേസമയം, ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് 18 ലക്ഷത്തോളം വോട്ട‌ർമാർക്ക് നേട്ടമായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ആഗസ്റ്ര് ഒന്നിന് പുറത്തിറക്കിയ കരടു പട്ടികയിൽ 7.24 വോട്ടർമാരായിരുന്നു. മരിച്ചുപോയവർ, സംസ്ഥാനത്തിന് പുറത്തേക്ക് താമസം മാറ്റിയവർ, പൗരന്മാരെന്ന് തെളിയിക്കാൻ സാധിക്കാത്തവർ തുടങ്ങിയവരെ ഒഴിവാക്കിയന്നാണ് കമ്മിഷന്റെ വിശദീകരണം. അന്തിമപട്ടിക നിയമവിരുദ്ധമാണെന്ന് ബോദ്ധ്യപ്പെട്ടാൽ റദ്ദാക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.