ശതാവരി കുടുംബത്തിൽ പുതിയ വനപുഷ്പം
Tuesday 30 September 2025 10:19 PM IST
പയ്യന്നൂർ: ശതാവരിയുടെ സസ്യകുടുംബമായ 'ആസ്പരാഗേസി"യിൽ പെട്ട 'ക്ലോറോഫൈറ്റം" ജീനസിലെ പുതിയ ഇനം സസ്യത്തെ വാഗമൺ കുന്നുകളിൽ നിന്നും ഗവേഷകർ കണ്ടെത്തി. വനപുഷ്പം എന്ന് വിളിക്കുന്ന വലിയ കിഴങ്ങുകളുള്ള സസ്യത്തെ പാറക്കെട്ടു നിറഞ്ഞ പുൽമേട്ടിലാണ് തളിപ്പറമ്പ് സർസയ്യിദ് കോളേജിലെ സിദ്ധാർത്ഥ് എസ്.നായർ, പയ്യന്നൂർ കോളേജിലെ ഡോ.എം.കെ.രതീഷ് നാരായണൻ, മാലിയൻങ്കര എസ്.എൻ. കോളേജിലെ പ്രൊഫസർമാരായ ഡോ.സി എൻ.സുനിൽ, ഡോ.എം.ജി.സനിൽകുമാർ, ആലപ്പുഴ എസ്.ഡി.കോളേജിലെ ഡോ.ജോസ് മാത്യു എന്നിവരടങ്ങിയ ഗവേഷകർ കണ്ടെത്തിയത്. ന്യൂസിലാൻഡിലെ ഫൈറ്റോ ടാക്സ എന്ന അന്താരാഷ്ട്ര ജേർണലിൽ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.