ആർ.എസ്.എസിന് നാളെ നൂറ് വയസ്
ന്യൂഡൽഹി: വിജയദശമി ദിനമായ നാളെ ആർ.എസ്.എസ് നൂറ് വർഷം പൂർത്തിയാക്കുകയാണ്. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. പ്രത്യേക തപാൽ സ്റ്രാമ്പും നാണയവും അദ്ദേഹം പുറത്തിറക്കും. ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ സന്നിഹിതനായിരിക്കും.
1925 സെപ്‌തംബർ 27ന് വിജയദശമി ദിനത്തിലാണ് ആർ.എസ്.എസ് നിലവിൽ വന്നത്. നാളെ മുതൽ അടുത്തവർഷം വിജയദശമി വരെയാണ് 100-ാം വാർഷിക ആഘോഷപരിപാടികൾ. നാളെ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സംഘടനയുടെ ആസ്ഥാനമായ നാഗ്പൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും. 100-ാം വർഷത്തിൽ സംഘടനയ്‌ക്ക് കീഴിലെ 58964 മണ്ഡലങ്ങൾ, 44055 ബസ്‌തികൾ എന്നിവിടങ്ങളിലായി ഹിന്ദു സമ്മേളനങ്ങൾ നടത്തും. ഖണ്ഡ്, നഗർ തലത്തിലെ 11,360 കേന്ദ്രങ്ങളിൽ സാമാജിക സദ്ഭാവനാ യോഗങ്ങൾ സംഘടിപ്പിക്കും. 924 സംഘജില്ലകളിൽ സെമിനാറുകളും നടത്തും. പരമാവധി വീടുകളിൽ സംഘസന്ദേശം എത്തിക്കും. മോഹൻ ഭാഗവത് വിദേശത്തെ ആഘോഷപരിപാടികളിലും പങ്കെടുക്കും.