തത്തംപള്ളിയിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം
ആലപ്പുഴ: നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം. ദേവാലയം, മൈതാനം, കടകൾ, കുരിശടി എന്നിവിടങ്ങളുള്ള, ധാരാളം ആളുകൾ രാപകൽ നിത്യേന വന്നുപോകുന്ന പ്രദേശത്തെ നായശല്യത്തെത്തുടർന്ന് പരിസരവാസികളടക്കം ഭയപ്പാടിലാണ്. കഴിഞ്ഞ വർഷം ഇതേ വാർഡിൽ തെരുവനായ ആക്രമണത്തിൽ ഒരുദിവസം പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റിരുന്നു. അടുത്ത ദിവസം ഏതാനും നായ്ക്കളെ പിടികൂടി ചായം അടിച്ചു അവിടെത്തന്നെ വിട്ടതൊഴിച്ചാൽ നഗരസഭാ അധികൃതർ ഒന്നും ചെയ്തിട്ടില്ലെന്ന് ജനങ്ങൾ കുറ്റപ്പെടുത്തി.
. കൂട്ടത്തോടെയാണ് നായക്കൾ തമ്പടിക്കുന്നത്. വടി കൈയിലില്ലാതെ പ്രദേശത്ത് കൂടി നടക്കാൻ പോലും പേടിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തെരുവിൽ അലയുന്ന നായ്ക്കളെ ഭരണാധികാരികളും ജനപ്രതിനിധികളും നിസാരവത്കരിക്കരുത്. റോഡുകളിൽ നിന്നു ഏതുവിധേനയും അവയെ ഒഴിവാക്കണമെന്ന് തുടർച്ചയായി ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായില്ല
- തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ