അനന്തമായി നീണ്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ നവീകരണം

Wednesday 01 October 2025 12:28 AM IST

ആലപ്പുഴ: ആറുമാസം കൊണ്ട് തീർക്കുമെന്ന് പ്രഖ്യാപിച്ച ആലപ്പുഴ റെയിൽവേ നവീകരണം രണ്ട് വ‌ർഷങ്ങൾക്കിപ്പുറവും പൂർത്തിയായില്ല. വാഹനങ്ങളുടെ പാർക്കിംഗ് ഭാഗത്തിന്റെ നിർമ്മാണം കഴിഞ്ഞതും യാത്രക്കാർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന സർക്കുലേറ്റിംഗ് ഗ്രൗണ്ടിന്റെ പണി പുരോഗമിക്കുന്നതും പ്രധാന റോഡിൽ നിന്നുള്ള പ്രവേശനഭാഗത്ത് കവാടത്തിന്റെ പ്രാഥമിക ഘടന തയ്യാറായതുമാണ് എടുത്തു പറയാവുന്ന പുരോഗതി.

അമൃത് ഭാരത് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി 2023ന്റെ അവസാനത്തിലാണ് നവീകരണം ആരംഭിച്ചത്. ജോലികൾ നടക്കുന്നുണ്ടെങ്കിലും, ഒരേ സമയം പല സ്ഥലങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ വിനിയോഗിച്ച് നിർമ്മാണത്തിന്റെ വേഗത കൂട്ടാൻ സാധിച്ചിട്ടില്ല. സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശന കവാടം മുന്നിലേക്ക് നീക്കിയാണ് പണിതുകൊണ്ടിരിക്കുന്നത്. യാത്രക്കാർക്കായി എസ്‌കലേറ്റർ, ലിഫ്റ്റ് സൗകര്യങ്ങൾ, കുടിവെള്ളത്തിനുള്ള ക്രമീകരണം, പ്ളാറ്റ്ഫോമിലെ കോച്ചുകളുടെ സ്ഥാനം അറിയാനുള്ള ഡിജിറ്റൽ സംവിധാനം തുടങ്ങിയവ ഏർപ്പെടുത്തും.

കരാറുകാരുമായി ഉരസൽ

 കരാറുകാരും റെയിൽവേയും തമ്മിൽ ഉടയുന്നതാണ് ജോലി വൈകാൻ കാരണമെന്ന് പറയപ്പെടുന്നു  കടപ്പുറം ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിക്കുന്ന റെയിൽവേസ്റ്റേഷൻ റോഡ് മഴക്കാലത്ത് വെള്ളക്കെട്ടിലാണ്

 ഓടയിലേക്ക് വെള്ളമിറങ്ങാതെ റോഡിലെ കുഴികളിൽ തളംകെട്ടി കിടക്കുകയാണ്

 വിളക്കുകാലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വഴി വിളക്കുകൾ തെളിഞ്ഞിട്ടില്ല

 സ്റ്റേഷനോട് ചേർന്ന് താറുമാറായി കിടന്ന ഭാഗത്ത് ചെറിയമെറ്റൽ വിരിച്ചിരിക്കുകയാണ്

 നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ സ്വകാര്യ ബസുകൾ പലപ്പോഴും തിരിക്കാൻ പ്രയാസപ്പെടുന്നുണ്ട്.

പദ്ധതി തുക

8 കോടി

പദ്ധതി അനന്തമായി നീളുന്നത് മൂലം വലിയ ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം

- ട്രെയിൻ യാത്രക്കാർ