വിദ്യാരംഭത്തിന് ഒരുങ്ങി തിരുവുള്ളക്കാവ്
ചേർപ്പ് : തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പുലർച്ചെ 4 മുതൽ ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തൽ ആരംഭിക്കും. വൈകീട്ട് 5 മുതൽ 6 വരെയും തുടരും. തിരുവുള്ളക്കാവ് വാരിയത്തെ ടി.വി.ശ്രീധരൻ വാര്യരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യൻമാർ നേതൃത്വം നൽകും. ആറ് വഴിപാട് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം സെക്രട്ടറി എ.എ.കുമാരൻ പറഞ്ഞു. ഇന്ന് ക്ഷേത്രത്തിൽ എഴുത്തിനിരുത്തലില്ല. രാവിലെ 7 മുതൽ കൈകൊട്ടിക്കളി, വൈകീട്ട് 6.30 ന് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക, പെരുമ്പിള്ളശേരി സെന്റർ കാവടി സമാജം, യുവജന സംഘം, മര്യാദ മൂല ശ്രീ ധർമ്മശാസ്താ കാവടി സംഘം, പൂച്ചിന്നിപ്പാടം ശ്രീ ബലരാമ കാവടി സമാജം,ചൊവ്വൂർ സൗഹൃദ കാവടി സമാജങ്ങളുടെ കാവടിയാട്ടം എന്നിവയും നടക്കും.പാർക്കിംഗിനായി വിപുലമായ സംവിധാനങ്ങാളാണ് ഒരുക്കിയിരിക്കുന്നത്. തൃപ്രയാർ അമ്മാടം ഭാഗത്ത് നിന്ന് തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ ചേർപ്പ് ഗവ:ഹൈസ്ക്കൂളിലും തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഖാദി ഗ്രൗണ്ടിലും ഒല്ലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂച്ചിന്നിപ്പാടം ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലും പാറക്കോവിൽ ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ക്ഷേത്ര കിഴക്കേ നടയിലുള്ള എം.കെ. ടിമ്പേഴ്സ് ഗ്രൗണ്ടിലും പാർക്ക് ചെയ്ത് കാൽ നടയായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കണമെന്ന് അറിയിച്ചു.
ഗതാഗത നിയന്ത്രണം
ചേർപ്പ്: തിരുവുള്ളക്കാവ് ക്ഷേത്രം മഹാനവമി, വിജയദശ്മിയോടനുബന്ധിച്ച് ഇന്നും നാളെയും ഗതാഗത നിയന്ത്രണം. തൃശൂർ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ പാലക്കലിൽ നിന്ന് തിരിഞ്ഞ് ആനക്കല്ല് - പൂച്ചിന്നിപ്പാടം വഴി പോകണം. ഇരിങ്ങാലക്കുട പുതുക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂച്ചിന്നിപ്പാടം നിന്ന് ആനക്കല്ല് പാലക്കൽ വഴി തൃശൂർഭാഗത്തേക്ക് പോകണം. തൃപ്രയാർ ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ ചേർപ്പിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂത്തറയ്ക്കൽ, അമ്മാടം, പാലക്കൽ വഴി തൃശൂർ ഭാഗത്തേക്ക് പോകണം. തൃശൂരിൽ നിന്ന് തൃപ്രയാർ ഭാഗത്തേക്ക് പാലക്കലിൽ നിന്ന് തിരിഞ്ഞ് അമ്മാടം ചേർപ്പ് വഴിയും ഒല്ലൂരിൽ നിന്ന് തൃശൂരിലേക്കുള്ള വാഹനങ്ങൾ ആനക്കല്ല്, പാലക്കൽ വഴി തൃശൂരിലേക്ക് പോകണം.ഇന്ന് വൈകീട്ട് 5 മുതലാണ് ഗതാഗതപരിഷ്കരണം. നാളെ രാത്രി 2 മുതൽ വാഹന പാർക്കിംഗ് സംവിധാനങ്ങളും നിലവിൽ വരുമെന്ന് ജില്ലാ പൊലീസ് അധികൃതർ അറിയിച്ചു
..