പഞ്ചനക്ഷത്ര ഹോട്ടലിലെ മോഷണം: അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Wednesday 01 October 2025 3:35 AM IST

കഴക്കൂട്ടം: കഠിനംകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലക്ഷങ്ങൾ കവർന്ന അന്യസംസ്ഥാന തൊഴിലാളിയെ വെസ്റ്റ് ബംഗാളിൽ നിന്ന് കഠിനംകുളം പൊലീസ് പിടികൂടി. കഠിനംകുളത്തെ ലേക്ക് പാലസ് ഹോട്ടലിൽ പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാരനും വെസ്റ്റ് ബംഗാൾ സ്വദേശിയുമായ സൽമാൻ മുണ്ടയെയാണ് വെസ്റ്റ് ബംഗാളിലെത്തി കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 17നായിരുന്നു സംഭവം. ബാർ മാനേജരുടെ ക്യാബിനിൽ സൂക്ഷിച്ചിരുന്ന 2,30000 രൂപയാണ് പ്രതി തട്ടിയെടുത്തത്. സംഭവദിവസം പുലർച്ചെ സെക്യൂരിറ്റി ക്യാബിനിൽ സൂക്ഷിച്ചിരുന്ന ബാറിന്റെ താക്കോൽ രഹസ്യമായി കൈക്കലാക്കിയശോഷം,ബാറിനുള്ളിൽ കയറി പണം മോഷ്ടിക്കുകയായിരുന്നു.

കവർച്ചയ്ക്ക് ശേഷം താക്കോലുകൾ യഥാസ്ഥാനത്ത് വച്ചശേഷം പ്രതി മുങ്ങി.തമിഴ്നാട് തിരുപ്പൂർ,ചെന്നൈ വഴി സ്വദേശമായ വെസ്റ്റ് ബംഗാളിലെ ജെയ്പാൽഗുരിയിലേക്കാണ് പ്രതി പോയത്.തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പൊലീസ് ഇൻസ്പെക്ടർ സജു,എസ്.ഐ അനൂപ്,സി.പി.ഒമാരായ ഹാഷിം,സുരേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം വെസ്റ്റ് ബംഗാളിലെത്തി ബംഗാൾ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി വെസ്റ്റ് ബംഗാളിൽ തങ്ങി പ്രതിയുടെ നീക്കങ്ങൾ വ്യക്തമായി നിരീക്ഷിച്ച ശേഷമാണ് കഠിനംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 2025ൽ കഠിനംകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം മോഷണക്കേസുകളിലെ പ്രതികളെയും അറസ്റ്റ് ചെയ്തതായി കഠിനംകുളം സി.ഐ സജു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.