ഇനിയും ഭിന്നശേഷി സൗഹൃദമാകട്ടെ
സമൂഹത്തിന്റെ ഭിന്ന മേഖലകളിലെയും ഭിന്നശേഷി വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുകയെന്ന ഉദ്യേശത്തോടെയാണ് എല്ലാ വർഷവും ആഗോള ഭിന്നശേഷി ദിനം ആചരിക്കുന്നത്. കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള ഭിന്നശേഷി സമൂഹത്തിന്റെ പ്രശ്നങ്ങൾ നിരവധിയാണ്. ജന്മനാൽ സംഭവിക്കുന്നതും അപകടങ്ങളാലും രോഗങ്ങളാലുമുണ്ടാകുന്നതുമായ ശാരീരിക വെല്ലുവിളികൾ അവർ നേരിടുന്നത് മനക്കരുത്ത് കൊണ്ടാണ്. ഭിന്നശേഷി സൗഹൃദമെന്ന് നമ്മൾ വീണ്ടും വീണ്ടും പറയുമ്പോഴും പോരായ്മകളും പ്രതിസന്ധികളും ശേഷിക്കുന്നുണ്ട്.
ഭിന്നശേഷിക്കാർക്കു കൂടി ഉൾപ്പെടുന്ന ഒരു സമൂഹത്തിനായി എല്ലാവരും ഒന്നിച്ച് നിൽക്കുക എന്നതു തന്നെയാണ് പ്രധാനം. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാദ്ധ്യമാക്കുകയെന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭയും മുന്നോട്ടുവച്ചത്. കാഴ്ച, കേൾവി, സംസാരശേഷി, മാനസിക വെല്ലുവിളി, ശാരീരിക പരിമിതി, വിവിധ തരം പഠന വൈകല്യം എന്നിവയെല്ലാം നേരിടുന്നവരെ മറ്റുള്ളവർക്കൊപ്പം തുല്യ പരിഗണന നൽകിയാൽ അത് അവരോടുള്ള നീതിയാവില്ല. വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, മേഖലകളിൽ അവരെ ചേർത്തുപിടിക്കാൻ ഭിന്നശേഷിക്കാർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ പരിഗണനകളും സംവരണങ്ങളും നൽകണം. അവർ പഠിച്ചു മുന്നേറുമ്പോൾ, പദവികളും സ്ഥാനമാനങ്ങളും അവർക്ക് അർഹമായ തരത്തിൽ എത്രയും പെട്ടെന്ന് നൽകണം. അതിന് നിയമതടസങ്ങളും ചുവപ്പുനാടകളുടെ നൂലാമാലകളുമുണ്ടാകരുത്. നിരവധി ഭിന്നശേഷിക്കാർ വലിയ നേട്ടങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇരുപത്തി മൂന്നാം വയസിൽ കാറപകടത്തിൽ സുഷുമ്‌നാ നാഡി തകർന്ന് നെഞ്ചിനു താഴെ തളർന്ന ബിജു പോളിന്റെ (49) ജീവിതം അതിലൊന്നാണ്.
ബിജുപോളിന്റെ തളരാത്ത മനസിന്, പിന്നെ കൂട്ട് പാഠ പുസ്തകങ്ങളായിരുന്നു . എസ്.എസ്.എൽ.സി മാത്രം വിദ്യാഭ്യാസ യാേഗ്യതയുണ്ടായിരുന്ന ബിജു, വീൽചെയറിലിരുന്ന് നിരന്തരം വായിച്ചും പഠിച്ചും തൃശൂർ മലയാള പഠനഗ വേഷണ കേന്ദ്രത്തിൽ നിന്ന് മുപ്പത്തിയൊമ്പതാം വയസിൽ, പ്രീ ഡിഗ്രിയെടുക്കാതെ തന്നെ വിദൂരവിദ്യാഭ്യാസം വഴി ബി.എ മലയാളം പാസായി. തൃശൂർ കേരളവർമ്മയിലെ റഗുലർ വിദ്യാർത്ഥിയായി എം.എ മലയാളവും പൂർത്തിയാക്കി.
പിന്നെ, മോഹം എൽ.എൽ.ബിയായിരുന്നു. ആറു മാസക്കാലം തൃശൂർ ഗവ. ലാ കോളേജിൽ വിദ്യാർത്ഥിയായെങ്കിലും പ്രീഡിഗ്രി പഠിക്കാത്തതിനാൽ അയോഗ്യനാക്കി. അഞ്ചുവർഷമായി നിയമപഠനം മുടങ്ങി. പ്രീഡിഗ്രിയില്ലെങ്കിലും നിയമപഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധിക്കായി കാത്തിരിപ്പ് തുടരുകയാണ് ബിജു പോൾ.
മരത്താക്കര ചേർപ്പൂക്കാരൻ ബിജു പോളിന്റെ ജീവിതം 26 വർഷമായി വീൽ ചെയറിലാണ്.
കായികമേഖലയിലും താരം
2021 ൽ സംസ്ഥാന പാരാ പവർലിഫ്റ്റിംഗ് എൺപത് കിലോഗ്രാം ക്യാറ്റഗറിയിൽ രണ്ടാമതെത്തിയിരുന്നു. വീൽചെയർ ക്യാറ്റഗറിയിൽ മിസ്റ്റർ തൃശൂരായും, മിസ്റ്റർ കേരളയായി രണ്ടാം സ്ഥാനത്തുമെത്തി. പക്ഷേ, അതിനെല്ലാം അർഹമായ അംഗീകാരങ്ങളും പരിഗണനകളും കിട്ടിയില്ലെന്ന വസ്തുത ബാക്കി നിൽക്കുന്നു. കോളേജുകളിൽ പഠിക്കുമ്പോൾ പുസ്തകത്തോടോപ്പം, സ്വന്തമായി പണിയിച്ച റാംപും ബിജു കൊണ്ടുപോയിരുന്നു. ആദ്യ ദിവസം കേരളവർമ്മയിലെ ക്ലാസ് മുറി ബിജുവിനു വേണ്ടി താഴത്തെ നിലയിലേക്കു മാറ്റി. രണ്ടാം ദിവസം കോളേജിൽ പോയത് മരപ്പണിക്കാരനെയും കൂട്ടിയാണ്. ലാ കോളേജിലും റാംപ് സ്വയം പണിയിച്ചു. പിന്നീടാണ് കോൺക്രീറ്റ് റാംപ് സ്ഥാപിച്ചത്. തിരുമ്മു ചികിത്സയ്ക്കു പോയപ്പോഴും 'സ്വന്തം റാംപ്' വേണ്ടി വന്നു. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായ കേരളത്തിലും ഭിന്നശേഷിക്കാർ മാറ്റിനിറുത്തപ്പെടുകയാണെന്നാണ് ഓൾ കേരള വീൽ ചെയർ റൈറ്റ്‌സ് ഫെഡറേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബിജുവിന്റെ വേദന. ഭിന്നശേഷികളെ കണ്ടെത്തി വളർത്താൻ സഹായിക്കുന്ന പശ്ചാത്തല സൗകര്യങ്ങൾ ഇനിയും കേരളത്തിലില്ലെന്നും സഹതാപത്തിനപ്പുറം വസ്തുതാപരമായ അവബോധമാണ് വേണ്ടതെന്നും ബിജു പോൾ പറയുന്നു.
ആത്മവിശ്വാസത്തിലേക്കുളള അമ്പെയ്ത്ത്
വടൂക്കര എ.കെ.ജി നഗർ കാഞ്ഞൂക്കാരൻ കെ.എം. ഷിമിൻ (34) മറ്റൊരു ഭിന്നശേഷി താരമാണ്. നാലുവർഷം മുമ്പ് മാവിന്റെ മുകളിൽ നിന്നുവീണ് സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്നെങ്കിലും ആത്മവിശ്വാസത്തിന് ക്ഷതമേറ്റില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ റഗ്ബിയും ബാസ്‌കറ്റ് ബാളും അഭ്യസിച്ചു. ഒരുവർഷമായി ആർച്ചറിയിലും കരുത്ത് തെളിയിച്ചു. ഷിമിനെപ്പോലെ ചക്രക്കസേരയിലിരുന്ന് അമ്പെയ്യാൻ ഉന്നമുള്ളവർ കേരളത്തിൽ അപൂർവം. ഇന്ത്യൻ ടീമിലേക്കുള്ള സാദ്ധ്യതാ പട്ടികയിലെ ആദ്യ സ്ഥാനക്കാരനാണിപ്പോൾ. ഗ്വാളിയോറിലെ ദേശീയ വീൽചെയർ റഗ്ബി ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ ഏഴംഗ കേരള ടീമിൽ ഷിമിനുമുണ്ടായിരുന്നു. മുൻ ചാമ്പ്യന്മാരായ മഹാരാഷ്ട്ര, ബീഹാർ ടീമുകളെ തോൽപ്പിച്ചാണ് ഒഡീഷയുമായി ഫൈനലിൽ പോരാടിയത്.
പരിശീലിക്കാൻ ഉപകരണമില്ല
ആർച്ചറി പരിശീലിക്കാൻ ഷിമിന് സ്വന്തമായി ഉപകരണമില്ല. ഒറ്റമുറിയിലാണ് താമസം. വാർദ്ധക്യ സഹജമായ അവശതകളുള്ള പിതാവ് മാത്യുവും അമ്മ എൽസിയും ചേട്ടന്റെ വീട്ടിലാണ്. സഹോദരി വിവാഹിതയാണ്. ഇലക്ട്രിക് കസേരയും മുച്ചക്ര സ്‌കൂട്ടറുമുണ്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ അധികദൂരം പോകാറില്ല. സ്‌പോൺസറെ കിട്ടിയിരുന്നെങ്കിൽ ആർച്ചറിയിൽ ഷിമിനിലൂടെ ഒരു രാജ്യാന്തര താരത്തെ ലഭിക്കുമെന്നാണ് പരിശീലകർ പറയുന്നത്.
പത്തടി മാത്രം ഉയരമുള്ള മരക്കൊമ്പിൽ നിന്നാണ് ഷിമിൻ വീണത്. പക്ഷേ, സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റു. തുടർച്ചയായി ഫിസിയോ തെറാപ്പി നടത്തിയപ്പോൾ നേരിയ വ്യത്യാസമുണ്ടായി. ഐ.ടി.ഐയിൽ നിന്ന് സിവിൽ ഡ്രാഫ്‌റ്റ്സ് മാൻ കോഴ്‌സ് പാസായശേഷം കുറച്ചുകാലം വീട് നിർമ്മാണ മേഖലയിലായിരുന്നെങ്കിലും പച്ച പിടിച്ചില്ല. പിന്നീട് ടാക്‌സി ഡ്രൈവറായിരിക്കെയാണ് അപകടം. ഫുട്ബാളിലും ബോഡി ബിൽഡിംഗിലും തത്പരനായിരുന്നു ഷിമിൻ. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ മനസിനും ശരീരത്തിനും ഇത്തരം മത്സരങ്ങൾ ഗുണം ചെയ്യുന്നുണ്ടെന്നും പക്ഷേ, സ്‌പോൺസർമാരെ കിട്ടാത്തതാണ് പ്രശ്‌നമെന്നും ഷിമിൻ പറയുന്നു. ബിജുപോളിനെപ്പോലെയും ഷിമിനെപ്പോലയും നിരവധി പേരുണ്ട്. വീണ്ടും പറയട്ടെ, അവർക്കെല്ലാം വേണ്ടത് സഹതാപമല്ല...