വെള്ളറടയിൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നില്ല

Wednesday 01 October 2025 1:47 AM IST

വെള്ളറട: മലയോരത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കാതെയായിട്ട് മാസങ്ങൾ കഴിഞ്ഞു. കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. വെള്ളറട പഞ്ചായത്തിലെ മിക്ക വാർഡുകളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പകുതിപോലും പ്രകാശിക്കുന്നില്ല. സന്ധ്യ കഴിഞ്ഞാൽ തെരുവ് നായ്കളുടെയും വന്യ മൃഗങ്ങളുടെയും ശല്യം കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടിൽ നിന്നും കാട്ടുപന്നികൾ രാത്രി കൂട്ടമായാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്നത്. ലൈറ്റില്ലാത്തതുകരാണം ഇവയെ കാണാനുമ കഴിയുന്നില്ല.

പുലർച്ചെ ടാപ്പിംഗിനും മറ്റുപല തൊഴിലുകൾക്കുമായിപോകുന്നവരും സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വാർഡ് മെമ്പർമാരെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും സമീപിച്ചുവെങ്കിലും നടപടിയുണ്ടായിട്ടില്ല. ഗുണ നിലവാരമില്ലാത്ത ബൾബുകളും റ്റ്യൂബുകളും കൃത്യമായി പരിശോധന നടത്താതെ കരാറുകാർ സ്ഥാപിക്കുന്നതു കാരണമാണ് പെട്ടെന്ന് സ്ട്രീറ്റു ലൈറ്റുകൾ തകരാറിലാകുന്നതെന്നും നാട്ടുകാർ പറയുന്നു. ലക്ഷകണക്കിന് രൂപയാണ് പഞ്ചായത്ത് സ്ട്രീറ്റ് ലൈറ്റ് കത്തിക്കുന്നതിനുവേണ്ടി വൈദ്യുതി വകുപ്പിന് നൽകുന്നത്. ഇവ കത്തിക്കേണ്ട ചുമതല പഞ്ചായത്തിനാണ്. കരാർ എടുക്കുന്നയാൾ യഥാസമയം ലൈറ്റുകളുടെ മെയിന്റൻസുകൾ ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്.