മിന്നൽ പണിമുടക്ക്: 16 സ്വകാര്യ ബസുകൾക്കെതിരെ കേസ്
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നഗരത്തിൽ നടത്തിയ പരിശോധനയിൽ,ഇക്കഴിഞ്ഞ 29ന് സർവീസ് മുടക്കിയ 16 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു.ഇവയുടെ നിയമലംഘനങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആർ.ടി.എ ബോർഡിന് സമർപ്പിക്കുമെന്ന് എൻഫോഴ്സ്‌മെന്റ് വിഭാഗം ആർ.ടി.ഒ അറിയിച്ചു.
കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി നടപ്പിലാക്കിയ പരിഷ്കാരം പ്രയോഗികമല്ലെന്ന് സ്വകാര്യ ബസുകാരും,തങ്ങളുടെ സ്റ്റാൻഡിലേക്ക് സ്വകാര്യ ബസുകളെ കയറ്റില്ലെന്ന് കെ.എസ്.ആർ.ടി.സിയും നിലപാടെടുത്തതിനെ തുടർന്ന് 29ന് കിഴക്കേകോട്ടയിൽ നേരിയ സംഘർഷമുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം രൂക്ഷമായപ്പോൾ പൊലീസെത്തി സ്വകാര്യബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു നീക്കി.ഇതോടെ സ്വകാര്യ ബസുകൾ മുഴുവൻ സർവീസുകളും റദ്ദാക്കി.ഈ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
സ്വകാര്യ ബസുകൾ നടത്തുന്ന മിന്നൽ പണിമുടക്കം പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.കെ.കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് കെ.എസ്.ആർ.ടി.സി സമരത്തെ തുടർന്ന് യാത്രക്കാർ വലഞ്ഞപ്പോഴാണ് നഗരത്തിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയത് സമരം ചെയ്താൽ ഇവയുടെ പെർമിറ്റ് കെ.എസ്.ആർ.ടി.സിക്ക് ഏറ്റെടുക്കാൻ കഴിയുമെന്ന വ്യവസ്ഥ അന്നുതന്നെയുണ്ടാക്കിയിരുന്നു.എന്നാൽ നടപടി അന്യായമാണെന്നാണ് സ്വകാര്യബസ് ഉടമകളുടെ വാദം.