സുരക്ഷ ഒരുക്കിയെന്ന് തമിഴ്നാട് സർക്കാർ

Wednesday 01 October 2025 1:57 AM IST

ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്‌യുടെ വിഡിയോക്കു പിന്നാലെ വിശദീകരണവുമായി തമിഴ്നാട് സർക്കാർ. റാലി നടത്തുന്നതിനു തമിഴക വെട്രി കഴകം ആദ്യം ആവശ്യപ്പെട്ട സ്ഥലം അമരാവതി നദി പാലവും ഒരു പെട്രോൾ പമ്പുമായിരുന്നുവെന്നാണ് സർക്കാരിന്റെ മീഡിയ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അമുത അറിയിച്ചു. രണ്ടാമതായി, ഉഴവർ മാർക്കറ്റ് പ്രദേശം ആവശ്യപ്പെട്ടു. ഈ പ്രദ്രേശങ്ങൾ വളരെ ഇടുങ്ങിയതാണ്. ഇവിടെ അയ്യായിരം പേർക്ക് മാത്രമേ ഒത്തുകൂടാൻ കഴിയൂ. വേലുച്ചാമിപുരം നൽകാമെന്ന് പറഞ്ഞപ്പോൾ ടി.വി.കെ അത് സ്വീകരിക്കുകയായിരുന്നു എന്നും അമുത പറഞ്ഞു.

കരൂർ ദുരന്തത്തെ കുറിച്ച് ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർ വരുമെന്നാണ് ടി.വി.കെ അറിയിച്ചത്. മുൻ റാലികളുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരം പേർ വരുമെന്ന് കണക്കാക്കി. അതനുസരിച്ച് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. സാധാരണയായി, ഓരോ 50 പേർക്കും ഒരു പൊലീസുകാരൻ എന്നതാണ് രീതി. എന്നാൽ കരൂരിൽ, ഓരോ 20 പേർക്കും ഒരു പൊലീസുകാരനെയാണ് വിന്യസിച്ചത് എന്നും അമുത വിശദീകരിച്ചു.