എൻ.‌ഡി.എ സംഘം കരൂരിൽ റാലിക്ക് കൂടുതൽസ്ഥലം അനുവദിച്ചില്ല: ഹേമമാലിനി സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നാവശ്യം

Wednesday 01 October 2025 12:33 AM IST

കരൂർ: വിജയ്‌യുടെ പ്രചാരണറാലിക്ക് കൂടുതൽ സ്ഥലം അനുവദിച്ചിരുന്നുവെങ്കിൽ കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്ന് ഹേമമാലിനി എം.പി. ഇന്നലെ ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സംഘം കരൂർ സന്ദർശിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളോടും പരിക്കേറ്റവരോടും സംഘം സംസാരിച്ചു. കരൂർ ദുരന്തത്തെക്കുറിച്ച് സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നുള്ള റിപ്പോർട്ട് എൻ.ഡി.എ നേതൃത്വത്തിന് നൽകുമെന്നും അവർ മാദ്ധ്യമ പ്രവർത്തരോടു പറഞ്ഞു.

കേന്ദമന്ത്രി അനുരാഗ് ടാക്കൂർ,എം.പിമാരായ തേജസ്വി സൂര്യ,അപരാജിത സാരംഗി,കേന്ദ്രവനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖാ ശർമ്മ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കരൂർ സംഭവത്തിൽ പൊലീസ് എന്താണ് ചെയ്യുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ഇവർ പറഞ്ഞു. കൂടുതൽ സ്ഥലം അനുവദിച്ചിരുന്നെങ്കിൽ,ഇത് സംഭവിക്കില്ലായിരുന്നു. 300 പേർക്ക് നിൽക്കാൻ കഴിയാത്ത സ്ഥലത്ത് ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. സംഘാടകർ അപ്പോൾ എന്തു ചെയ്തു? ഞങ്ങൾ എല്ലാ വിവരങ്ങളും ശേഖരിച്ചു. ഒരു വലിയ നടന് ഒരു ചെറിയ റോഡ് അനുവദിക്കുന്നത് ന്യായമല്ലെന്നും അവർ പറഞ്ഞു.

കാറുകൾ കൂട്ടിയിടിച്ച്

അപകടം

എം.പിമാരുടെ സംഘം വിമാനമാഗം കോയമ്പത്തൂരിൽ എത്തി അവിടെ നിന്നും കാറുകളിലാണ് കരൂരിൽ എത്തിയത്. യാത്രയ്ക്കിടിയിൽ കാറുകൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഹേമമാലിനി സഞ്ചരിച്ച കാറിന്റെ മുൻഭാഗം ചെറുതായി തകർന്നു. ആർക്കും പരിക്കില്ല. ഇതിനുശേഷം, ഹേമമാലിനി അതേ കാറിലാണ് സഞ്ചരിച്ചത്.