ചിക്കൻകറി ചോദിച്ചു മകനെ ചപ്പാത്തിക്കോൽ വച്ച് അടിച്ചുകൊന്ന് അമ്മ

Wednesday 01 October 2025 12:40 AM IST

മുംബയ്: ചിക്കൻകറി ആവശ്യപ്പെട്ടതിന് മകനെ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്ന് അമ്മ. മഹാരാഷ്‌ട്രയിലെ പൽഗാറിൽ ഞയറാഴ്ച രാത്രിയായിരുന്നു സംഭവം. ചിന്മയി ദുംഡേ (7) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ പല്ലവി ദുംഡേ (40) അറസ്റ്റ് ചെയ്തു. ചിന്മയിയുടെ സഹോദരിയായ പത്തുവയസുകാരിക്കും മർദ്ദനമേറ്റിരുന്നു. ഗുരുതമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കാശിപാദയിലെ ഫ്ളാറ്റിലാണ് പല്ലവിയും കുടുംബവും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി തനിക്ക് ചിക്കൻകറി കഴിക്കണമെന്ന് ചിന്മയി ആവശ്യപ്പെട്ടതിൽ പ്രകോപിതയായ പല്ലവി ചപ്പാത്തിക്കോൽ കൊണ്ട് കുട്ടിയെ തല്ലുകയായിരുന്നു. പിന്നാലെ മകളെയും മർദ്ദിച്ചു. കുട്ടികളുടെ കരച്ചിൽ കേട്ട് അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പൊലീസും പ്രാദേശിക ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സബ് ഡിവിഷണൽ ഓഫീസറും സ്ഥലത്തെത്തി. യുവതിയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.