ചൈതന്യാനന്ദ കേരളത്തിൽ സാമ്പത്തിക തട്ടിപ്പുനടത്തി
Wednesday 01 October 2025 2:45 AM IST
ന്യൂഡൽഹി: പീഡനക്കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി കൊച്ചിയിലെ ആശ്രമത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തട്ടിപ്പു മനസിലാക്കിയ ആശ്രമം അധികൃതർ ആശ്രമത്തിൽ നിന്ന് പുറത്താക്കിയിരുന്നു. 2001-02 കാലഘട്ടത്തിലായിരുന്നു കൊച്ചിയിലെ ജീവിതം. 2009-10 കാലത്താണ് ഡൽഹി വസന്ത് കുഞ്ചിലെ ശ്രീശാരദാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചുമതലക്കാരനായതെന്നും പൊലീസ് വ്യക്തമാക്കി. ഇവിടെ മാനേജ്മെന്റ് പി.ജി ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന 17 വിദ്യാർത്ഥിനികളാണ് സന്യാസിക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയിരിക്കുന്നത്. അതിനിടെ, സന്യാസിയുടെ വാട്സാപ്പ് മെസേജുകൾ വിദ്യാർത്ഥിനികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡെലീറ്റ് ചെയ്യാൻ ഉൾപ്പെടെ ഒത്താശ ചെയ്‌തെന്ന് സംശയിക്കുന്ന രണ്ട് വനിതാ സഹായികളെ കസ്റ്റഡിയിലെടുത്തു.