മയിലുകളെ കൊന്ന് ഭക്ഷിച്ചയാൾ പിടിയിൽ

Wednesday 01 October 2025 7:27 AM IST

മയാമി: യു.എസിലെ ഫ്ലോറിഡയിലെ ഹഡ്‌സണിൽ വീട്ടിൽ ഓമനിച്ചു വളർത്തിയിരുന്ന രണ്ട് മയിലുകളെ കൊന്ന് പാകംചെയ്ത് കഴിച്ച ഉടമ അറസ്റ്റിൽ. ക്രെയ്ഗ് വോട്ട് (61) ആണ് അറസ്റ്റിലായത്. വോട്ടിന്റെ അയൽക്കാരി മയിലുകൾക്ക് സ്ഥിരമായി ഭക്ഷണം നൽകിയിരുന്നു. തന്റെ വിലക്ക് മറികടന്ന് അയൽക്കാരി ഇതു തുടർന്നത് തന്നെ പ്രകോപിതനാക്കിയെന്നും അതിനാലാണ് മയിലുകളെ കൊന്നതെന്നും വോട്ട് പറഞ്ഞു. മയിലുകളെ എങ്ങനെ കൊന്നെന്നും എപ്രകാരം പാകം ചെയ്തെന്നും വിശദീകരിക്കുന്ന ഒരു കുറിപ്പ് വോട്ട് അയൽക്കാരിയുടെ വീട്ടിലെ മെയിൽ ബോക്സിൽ നിക്ഷേപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇനിയും ഭക്ഷണം കൊടുത്താൽ ശേഷിക്കുന്ന വളർത്തുമയിലുകളെയും കൊല്ലുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു.