ഇറാൻ ആണവ കരാറിൽ നിന്ന് പിൻവാങ്ങിയേക്കും
Wednesday 01 October 2025 7:27 AM IST
ടെഹ്‌റാൻ: ആണവ നിർവ്യാപന കരാറിൽ നിന്ന് ഇറാൻ പിൻവാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. യു.എൻ രക്ഷാ സമിതി ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നീക്കം. വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തുമെന്ന് ഒരു ഇറാൻ എം.പിയെ ഉദ്ധരിച്ച് വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി സഹകരിക്കുന്നില്ലെന്നും ആണവ കരാറിലെ വ്യവസ്ഥകൾ പ്രകാരം യു.എസുമായി നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യു.എൻ ഉപരോധം ചുമത്തിയത്. 1968ലാണ് ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടത്. ആണവായുധങ്ങളുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള കരാറിൽ നിലവിൽ ഇറാൻ അടക്കം 190 രാജ്യങ്ങളാണ് അംഗങ്ങൾ.