ഫിലിപ്പീൻസിൽ വൻ ഭൂകമ്പം, 6.9 തീവ്രത രേഖപ്പെടുത്തി; 60 മരണം, 100ൽ അധികം പേർക്ക് പരിക്ക്
മനില: ഫിലിപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, ദ്വീപിന്റെ വടക്കേ അറ്റത്ത്, 90,000 പേർ താമസിക്കുന്ന ബോഗോയ്ക്ക് സമീപം, ചൊവ്വാഴ്ച രാത്രി 9:59 ന് ആണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ 147ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. 22 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അനേകം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.
ആദ്യ ഭൂകമ്പത്തിന് പിന്നാലെ 379 തുടർചലനങ്ങൾ മേഖലയിൽ അനുഭവപ്പെട്ടതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് സെബുവിലും സമീപത്തെ മദ്ധ്യദ്വീപുകളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണ് വൈദ്യുതി തടസപ്പെട്ടു. നിരവധി റോഡുകളും താറുമാറായി.
ജപ്പാനിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യ വരെയും പസഫിക് തടം വരെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവർത്തനങ്ങളുടെ കേന്ദ്രമായ പസഫിക് "റിംഗ് ഓഫ് ഫയർ" എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫിലിപ്പീൻസിൽ ഭൂകമ്പങ്ങൾ മിക്കവാറും പതിവാണെന്നാണ് അധികൃതർ പറയുന്നത്.
ഭൂകമ്പത്തിന് പിന്നാലെ ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെബുവിലെയും സമീപ പ്രവിശ്യകളായ ലെയ്റ്റ്, ബിലിരാനിലെയും തീരപ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്നും നിർദ്ദേശിച്ചു. എന്നാൽ, പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു.