'പ്രാർത്ഥനകളെല്ലാം ഫലം കണ്ടെന്ന് പറഞ്ഞാൽ മതിയല്ലോ, സ്‌നേഹത്തിന്റെ പ്രാർത്ഥനയാണ്'; മെഗാസ്റ്റാർ ലൊക്കേഷനിലെത്തി

Wednesday 01 October 2025 11:27 AM IST

ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ. ഇന്ന് രാവിലെയാണ് അദ്ദേഹം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' സിനിമയുടെ ലൊക്കേഷനിലെത്തിയത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം. നിർമ്മാതാവും ഉറ്റ സുഹൃത്തുമായ ആന്റോ ജോസഫിനൊപ്പമാണ് അദ്ദേഹം എത്തിയത്.

'പ്രാർത്ഥനകളെല്ലാം ഫലം കണ്ടെന്ന് പറഞ്ഞാൽ മതിയല്ലോ. സ്‌നേഹത്തിന്റെ പ്രാർത്ഥനയാണ്. അതിന് ഫലം കിട്ടും. ഓർത്തവർക്കും സ്‌നേഹിച്ചവർക്കും നന്ദി.'- മമ്മൂട്ടി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്നതിന്റെ സന്തോഷം ഇന്നലെ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

'ക്യാമറ വിളിക്കുന്നു. ചെറിയ ഇടവേളയ്‌ക്കുശേഷം ജീവിതത്തിൽ ഏറ്റവും ഇഷ്‌ടപ്പെടുന്ന ജോലിയിലേക്ക് മടങ്ങിവരുന്നു. എന്റെ സാന്നിദ്ധ്യമില്ലാതിരുന്ന നാളുകളിൽ കാത്തിരുന്നവരോട് നന്ദി പറയാൻ വാക്കുകളില്ല."" എന്നായിരുന്നു ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക്‌ യാത്ര പുറപ്പെടും മുമ്പ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. യാത്ര പുറപ്പെടാൻ കാറിനരികിൽ നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്‌തിരുന്നു. മാസങ്ങളായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.

ആന്റോ ജോസഫ് തന്നെയാണ് ഈ സിനിമ നിർമിക്കുന്നത്. 17 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട് . ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരടക്കം അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.