യുവതിയെ അമ്മയുടെ മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി; തമിഴ്‌നാട്ടിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ

Wednesday 01 October 2025 12:02 PM IST

ചെന്നൈ: തിരുവണ്ണാമലയിൽ 25കാരിയെ അമ്മയുടെ മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. കോൺസ്റ്റബിൾമാരായ ഡി സുരേഷ് രാജ്, പി സുന്ദർ എന്നിവരാണ് ആന്ധ്ര സ്വദേശിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്ന് തിരുവണ്ണാമലയിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ എത്തിയതായിരുന്നു അമ്മയും മകളും. ആന്ധ്രയിൽ നിന്ന് പഴങ്ങൾ വിൽക്കാനായി പോയ വണ്ടിയിലാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് എത്തിയത്. റോഡരികിൽ വാഹനപരിശോധനയ്‌ക്ക് നിൽക്കുകയായിരുന്നു പൊലീസുകാർ. യുവതിയും അമ്മയുമെത്തിയ വാഹനം ഇവർ തടഞ്ഞുനിർത്തി. തുടർന്ന് സ്‌ത്രീകളെ ബലമായി പുറത്തിറക്കിയ ശേഷം വാഹനം പറഞ്ഞുവിട്ടു. പിന്നീട് ഇവരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അമ്മയെ മർദിച്ചശേഷം യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ബോധം വന്ന ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

പ്രതികളെ സർവീസിൽ നിന്ന് പിരിച്ചുവിടാനും പരമാവധി ശിക്ഷ നൽകാനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. പ്രതിപക്ഷ നേതാവും എഐഡിഎംകെ നേതാവുമായ എടപ്പാടി കെ പളനിസ്വാമി സംഭവത്തിൽ അപലപിച്ചു. ഇതൊരു ക്രസമാധാന പ്രശ്‌നമാണ്. ഡിഎംകെ സർക്കാർ ലജ്ജയോടെ തലകുനിക്കണം. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ സ്‌ത്രീകൾ ഓടിയൊളിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.