70,000 രൂപയുടെ ഡീസൽ, മാസം കഴിഞ്ഞുപോകാൻ മൂന്നര ലക്ഷം വേണം; ചെലവുകൾ എണ്ണിയെണ്ണി പറഞ്ഞ് അഖിൽ മാരാർ

Wednesday 01 October 2025 12:52 PM IST

ഒരു മാസത്തെ ചെലവിനെക്കുറിച്ച് വെളിപ്പെടുത്തി നടനും സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖിൽ മാരാർ. മാസം മൂന്നര ലക്ഷം രൂപ ചെലവുണ്ടെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഖിൽ മാരാർ.

'ഏറ്റവും വലിയ സിംഗിൾ പേയ്‌മെന്റ് ഇഎംഐ എന്നുപറയുന്നത് 55,000 രൂപയാണ്. കൂപ്പറിനും ബെൻസിനും ഏകദേശം സെയിമാണ്. ഒന്നിന് 53,000, മറ്റേതിന് 55,000. ബെൻസിന് മൂന്ന് വർഷത്തേക്കാണ്. പിന്നെ ഫ്ളാറ്റിന് 24,000 രൂപ. എല്ലാം ചെറിയ ഇഎംഐ ആണ്. 80 ശതമാനം കൊടുത്തതാണ്. സത്യസന്ധമായി പറഞ്ഞാൽ ചെലവ് കൂടുതലാണ്. മാസം മൂന്ന് മൂന്നര ലക്ഷം രൂപ വേണം. മാസം അമ്പതിനായിരം രൂപയ്ക്ക് വണ്ടിയ്ക്ക് എണ്ണ അടിക്കേണ്ടിവരും.

കഴിഞ്ഞ മാസം ഏകദേശം എഴുപതിനായിരം രൂപയുടെ ഡീസലടിച്ചു. ആറോ ഏഴോ തവണ തിരുവനന്തപുരം പോയി വന്നു. ബെൻസിൽ തിരുവനന്തപുരം പോകണമെങ്കിൽ, 10 മൈലേജേയുള്ളൂ. ഇതേ വണ്ടി കൊച്ചിയിൽ ട്രാഫിക്കിൽ ഓടിക്കഴിഞ്ഞാൽ ഏഴോ എട്ടോ മൈലേജേ കിട്ടൂ. ഇതൊക്കെ പ്രോഗ്രാമിന്റെ ഭാഗമായതുകൊണ്ട് അതിനനുസരിച്ച വരുമാനവും കിട്ടാറുണ്ട്.

പിന്നെ വീട്ടുചെലവ്, കുട്ടികളുടെ പഠിത്തം, അച്ഛനമ്മമാരുടെ മരുന്ന്, അവർക്ക് അല്ലാതെ കൊടുക്കുന്ന പൈസ, ചിട്ടി, ഫ്ളാറ്റിന്റെ ലോൺ, ബിഎംഡബ്ല്യൂ ബൈക്കിന്റെ ലോൺ, ബെൻസിന്റെ ലോൺ, കൂപ്പർ അടക്കമുള്ള കാര്യങ്ങൾ. മൂന്നര ലക്ഷം വരെ എങ്ങനെയായാലും വേണം. ഈ ലോൺ എല്ലാം പെട്ടെന്ന് തീരും. എല്ലാം 20 ശതമാനമേയുള്ളൂ ലോൺ.

പതിനഞ്ച് ലക്ഷം ലോൺ മാത്രമേ ബെൻസിനുള്ളൂ. മൂന്ന് വർഷമേ അടവുള്ളൂ, അതുകൊണ്ടാണ് ഇത്രയും പൈസ ഇഎംഐ വരുന്നത്. അത് അടുത്തവർഷം തീരും. ബൈക്കിന് എട്ട് ലക്ഷം രൂപയേ ലോണുള്ളൂ. ഇത് പറയുമ്പോൾ ചിലർ പരിഹസിച്ചേക്കാം. പക്ഷേ ഞാൻ പറഞ്ഞുവരുന്നത് 2500 സിസി അടയ്ക്കാൻ പറ്റാതിരുന്നയാളാണ് ഞാൻ. ഇന്ന് ബാങ്ക് എന്നെ ഇങ്ങോട്ടുവിളിക്കുന്നു. അമ്പത് ലക്ഷത്തിന്റെ ലോൺ വേണോയെന്ന് ചോദിക്കുന്നു. വിലയില്ലാതെ നടന്ന കാലം ഉണ്ട്. ഇപ്പോൾ അങ്ങനെ നടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'- അഖിൽ മാരാർ പറഞ്ഞു.