കഫ് സിറപ്പിൽ വിഷരാസവസ്‌തു, 15 ദിവസത്തിനിടെ മരിച്ചത് ആറ് കുട്ടികൾ; രണ്ട് മരുന്നുകൾക്ക് നിരോധനം

Wednesday 01 October 2025 2:26 PM IST

ഭോപ്പാൽ: കഴിഞ്ഞ 15 ദിവസത്തിനിടെ വൃക്ക തകരാറിലായി മരിച്ചത് ആറ് കുട്ടികൾ. മദ്ധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. പനിയെത്തുടർന്നാണ് കുട്ടികൾക്ക് രോഗബാധയേറ്റതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ വിഷാംശമുള്ള ഡൈഎത്തിലീൻ ഗ്ലൈക്കോൾ കലർന്ന മലിനമായ കഫ് സിറപ്പാണ് മരണങ്ങൾക്ക് കാരണമെന്ന സംശയത്തിലാണ് പൊലീസ്. മരിച്ച കുട്ടികളെല്ലാം അ‌ഞ്ചുവയസിന് താഴെയുള്ളവരാണ്. ഓഗസ്റ്റ് 24നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. സെപ്തംബർ ഏഴിന് ആദ്യ മരണവും റിപ്പോർട്ട് ചെയ്തു.

മരണപ്പെട്ട കുട്ടികൾക്കെല്ലാം തുടക്കത്തിൽ പനി വരികയും ഡോക്‌ടർ നൽകിയ മരുന്നും കഫ് സിറപ്പും കുടിക്കുകയും ചെയ്തിരുന്നു. കൂടുതൽ പേരും കോൾഡ്രിഫ്, നെക്സ്ട്രോ- ഡിഎസ് സിറപ്പുകളാണ് ഉപയോഗിച്ചത്. ഇതിനുശേഷം രോഗം ശമിച്ചു. എന്നാൽ ദിവസങ്ങൾക്കുശേഷം വീണ്ടും പനി വരികയും മൂത്രം പോകുന്നത് കുറയുകയും ചെയ്തു. പിന്നാലെ വൃക്കകളിൽ അണുബാധയുണ്ടാവുകയായിരുന്നു. കുട്ടികളിൽ മൂന്നുപേരെ നാഗ്പൂരിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും ഫലം കണ്ടില്ല. കുട്ടികൾക്കാർക്കും മുൻപ് അസുഖങ്ങളൊന്നും ബാധിച്ചിട്ടില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.

വൃക്കകളുടെ ബയോപ്സിയിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷരാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായത്. ഫാർമസ്യൂട്ടിക്കൽ വിഷബാധയുമായി ബന്ധപ്പെട്ടിരിക്കുന്ന രാവസ്തുവാണിത്.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ചിന്ദ്‌വാര കളക്ടർ ഷീലേന്ദ്ര സിംഗ് ജില്ലയിലുടനീളം രണ്ട് സിറപ്പുകളുടെയും വിൽപന നിരോധിക്കുകയും ഡോക്ടർമാർക്കും ഫാർമസികൾക്കും മാതാപിതാക്കൾക്കും അടിയന്തര നി‌ദേശം നൽകുകയും ചെയ്തു. വൃക്ക തകരാറിന് കാരണം സിറപ്പ് ആണെന്ന് ബയോപ്സി റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രദേശത്തെ ജല സാമ്പിളുകളിൽ അണുബാധ കണ്ടെത്തിയിട്ടില്ല. അതിനാൽതന്നെ കുട്ടികളുടെ മരണത്തിൽ മരുന്നുമായുള്ള ബന്ധം അവഗണിക്കാൻ കഴിയില്ലെന്ന് കളക്‌ടർ പറഞ്ഞു. സംഭവം പരിശോധിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) നിന്നുള്ള ഒരു സംഘത്തെ നിയോഗിച്ചു.

ഭോപ്പാലിലെ ആരോഗ്യ വകുപ്പിൽ നിന്നുള്ള രണ്ടംഗ സംഘവും പരിശോധന ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ കുടുംബങ്ങളോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും മരുന്നുകളുടെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുകയാണ്.