മനസിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ; പ്രതികരണവുമായി വിനയൻ

Wednesday 01 October 2025 3:43 PM IST

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ലോക: ചാപ്റ്റർ 1, ചന്ദ്ര. റിലീസ് ചെയ്‌ത് ആഴ്ചകൾക്കിപ്പുറവും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഈ ചിത്രം. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. അതിഥി താരങ്ങളായി ടൊവിനോ തോമസും ദുൽഖറുമൊക്കെ എത്തുന്നുണ്ട്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച 'ലോകയുടെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". സിനിമയുടെ രണ്ടാം ഭാഗവും അനൗൺസ്‌ ചെയ്തു കഴിഞ്ഞു. ഇതിനിടയിൽ സംവിധായകൻ വിനയൻ "ലോക" സിനിമയ്‌ക്കെതിരെ സംസാരിച്ചു എന്ന രീതിയിൽ ചില കിംവദന്തികൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താൻ മനസിൽ കണ്ട കഥ അടിച്ചോണ്ടുപോയി എന്ന് വിനയൻ പറഞ്ഞെന്ന രീതിയിലായിരുന്നു പ്രചാരണം. ഇതിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

'ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന ഈ വാർത്ത കണ്ടവരിൽ ചിലരെങ്കിലും സൂപ്പർഹിറ്റ് ചിത്രമായ ലോകക്കെതിരെ ഞാൻ സംസാരിച്ചതായി വിചാരിച്ചേക്കാം...ലോകയുടെ കൺസപ്റ്റിനെ അഭിനന്ദിക്കുകയാണ് ഞാൻ ചെയ്തത്.പുതിയ കാലത്തെ സിനിമ ഇതുപോലെ ആകണമെന്നും, ഇതുപോലൊരു ഹൊറർ സ്റ്റോറിയുടെ ത്രെഡ് എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്നും പറയുന്നത് മോശമായി കരുതേണ്ട. മനസിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ.ലോകയുടെ ശില്പികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ'- വിനയൻ വ്യക്തമാക്കി.