കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബമ്പർ സമ്മാനം; ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു, മുൻകാല പ്രാബല്യത്തിൽ ലഭിക്കും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർദ്ധന പ്രഖ്യാപിച്ചു. ജൂലായ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ വർദ്ധന നിലവിൽ വരും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഈ വർഷത്തെ രണ്ടാമത്തെ വർദ്ധനയാണിത്. മാർച്ചിൽ രണ്ട് ശതമാനം വർദ്ധന പ്രഖ്യാപിച്ചതോടെ ക്ഷാമബത്ത, അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബറിലെ മൂന്ന് ശതമാനം വർദ്ധന നടപ്പിലാക്കി നാല് മാസത്തിന് ശേഷമായിരുന്നു വീണ്ടും വർദ്ധിപ്പിച്ചത്. ക്ഷാമബത്തയുടെ അർദ്ധവാർഷിക പുനരവലോകനങ്ങൾക്ക് അടിസ്ഥാനമാകുന്ന, തൊഴിലാളികൾക്കായുള്ള ഉപഭോക്തൃ വില സൂചികയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും ഇപ്പോഴത്തെ വർദ്ധന എന്നാണ് വിലയിരുത്തൽ. നിർദിഷ്‌ട വർദ്ധനപ്രകാരം, 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് മാർച്ചിൽ വർദ്ധനയ്‌ക്ക് ശേഷം ലഭിച്ചിരുന്ന 33,000 രൂപയ്‌ക്ക് പകരം 34,800 രൂപ ക്ഷാമബത്തയായി ലഭിക്കും.
ശമ്പളത്തിലും അലവൻസുകളിലുമുള്ള തുടർ പരിഷ്‌കരണങ്ങൾ ജനുവരിയിൽ പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മീഷൻ തീരുമാനിക്കും. ഫിറ്റ്‌മെന്റ് ഫാക്‌ടർ ആശ്രയിച്ചായിരിക്കും ശമ്പള വർദ്ധന ഉണ്ടാകുക. ഏകദേശം 13 മുതൽ 34 ശതമാനം വരെ വർദ്ധന ഉണ്ടാകുമെന്നാണ് കരുതുന്നത്. കമ്മീഷൻ ശുപാർശകൾ 2026 ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുന്നതോടെ നിലവിലെ 55 ശതമാനം ക്ഷാമബത്ത പൂജ്യമാക്കി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ഒരു ദേശീയ മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നുണ്ട്.