ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ചുകയറി; ചിറക് വേർപെട്ടു, ഒരാൾക്ക് പരിക്ക്
ന്യൂയോർക്ക്: വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലാണ് സംഭവം. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലാഗ്വാർഡിയ വിമാനത്താവളത്തിലെ ഗേറ്റിൽ വിമാനം പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിക്ക് പിന്നാലെ വിമാനത്തിന്റെ ചിറക് വേർപെട്ടു. ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാർക്ക് ചെയ്യാൻ പോകുകയായിരുന്ന വിമാനം ഇടിച്ചുകയറിയെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 9.56നായിരുന്നു അപകടമുണ്ടായത്. ഡെൽറ്റ ഫ്ലൈറ്റ്സ് DL5047, DL5155 എന്നീ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ലാഗ്വാർഡിയ. പ്രധാനമായും ആഭ്യന്തര വിമാനങ്ങളാണ് ഇവിടെ സർവീസ് നടത്തുന്നത്.