അമ്മയെ കുത്തിയത്‌ നായ  മൂത്രമൊഴിച്ചത് കഴുകിക്കളയാൻ പറഞ്ഞതിന്; അച്ഛന്റെ മൊഴിയിൽ പെൺകുട്ടിക്കെതിരെ കേസ്

Thursday 02 October 2025 11:21 AM IST

ആലപ്പുഴ: മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചിരുന്നു. ഇത് കഴുകിക്കളയാൻ പറഞ്ഞതിനാലാണ് പെൺകുട്ടി അമ്മയെ കുത്തിയതെന്നാണ് വിവരം.

അച്ഛന്റെ മൊഴിയിൽ പതിനേഴുകാരിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനാണ് കേസ്. പെൺകുട്ടിയെ സഖി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അമ്മയുടെ കഴുത്തിലാണ് പതിനേഴുകാരി കുത്തിയത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.