റാമോജി ഫിലിം സിറ്റിക്ക് സമീപം വൻ കഞ്ചാവുവേട്ട; തേങ്ങകൾക്കടിയിൽ നിന്ന് പിടിച്ചെടുത്തത് 400 കിലോ

Thursday 02 October 2025 11:41 AM IST

ഹൈദരാബാദ്: റാമോജി ഫിലിം സിറ്റിക്ക് സമീപത്തുനിന്ന് 400 കിലോഗ്രാമിന്റെ കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ്. രണ്ട് കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. രാജസ്ഥാനിലേയ്ക്ക് കടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റിന്റെ ഖമ്മം വിംഗിലെ റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും രച്ചകൊണ്ട നാർക്കോട്ടിക് പൊലീസും സംയുക്തമായി നടത്തിയ ഒരു ഓപ്പറേഷനിൽ ആണ് വൻതോതിൽ കഞ്ചാവ് പിടികൂടിയത്.

രച്ചകൊണ്ട പരിധിക്കുള്ളിൽ റാമോജി ഫിലിം സിറ്റിക്ക് സമീപം ഒരു ചരക്ക് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കടത്ത് പുറത്തുവന്നത്. തേങ്ങകളുടെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം. കഞ്ചാവുവേട്ടയിൽ മൂന്നുപേർ അറസ്റ്റിലായി. മൂവരും രാജസ്ഥാൻ സ്വദേശികളാണ്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തായി പൊലീസ് വ്യക്തമാക്കി. കഞ്ചാവുകടത്തിൽ കൂടുതൽ പേർക്ക് ബന്ധമുള്ളതായാണ് പൊലീസ് പറയുന്നത്. ഇതിൽ മുഖ്യപ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.